hc

കൊച്ചി : തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷ പദവി തുടർച്ചയായി സംവരണം ചെയ്യുന്നത് ഒഴിവാക്കി ഇതു പുനർ നിർണയിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഈ തി​രഞ്ഞെടുപ്പി​നും ഇത് ബാധകമാണ്. പട്ടികജാതി - പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കും വനിതകൾക്കും തുടർച്ചയായി ഒരേ തദ്ദേശ ഭരണ സ്ഥാപനത്തിന്റെ അദ്ധ്യക്ഷ പദവി സംവരണം ചെയ്യുന്ന നടപടി നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് സിംഗിൾബെഞ്ചിന്റെ വിധി.

തിരുവനന്തപുരത്ത് കരകുളം, നന്ദിയോട്, കൊല്ലത്ത് തൃക്കോവിൽ വട്ടം, പത്തനംതിട്ടയിൽ കടമ്പനാട്, ഇടുക്കിയിലെ കുമളി, എറണാകുളത്ത് ഐക്കരനാട്, മലപ്പുറത്ത് വണ്ടൂർ, പാണ്ടിക്കാട്, കുറ്റിപ്പുറം, കോഴിക്കോട് കുന്ദമംഗലം എന്നീ പഞ്ചായത്തുകളിലും മഞ്ചേരി, കൊണ്ടോട്ടി, മാനന്തവാടി, തൃപ്പൂണിത്തുറ നഗരസഭകളിലും അദ്ധ്യക്ഷ പദവി തുടർച്ചയായി രണ്ടും മൂന്നും തവണ സംവരണമായതിനെതിരെ നൽകിയ ഹർജികളിലാണ് ഉത്തരവ്.

അദ്ധ്യക്ഷസ്ഥാനം സംവരണം ചെയ്യുന്നതിന് ഭരണഘടന അനുശാസിക്കുന്ന വിധത്തിലുള്ള റൊട്ടേഷൻ സമ്പ്രദായം നടപ്പാക്കണം. അദ്ധ്യക്ഷ പദവി തുടർച്ചയായി സംവരണമാക്കുന്നത് നിയമപരമല്ല. പൊതുവിഭാഗത്തിൽ നിന്നുള്ളവർക്ക് അവസരം നഷ്ടമാക്കുന്നത് വിവേചനമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പു കമ്മിഷന്റെ വാദങ്ങൾ തള്ളി

നവംബർ 30 ന് അദ്ധ്യക്ഷ പദവിയുടെ സംവരണവുമായി ബന്ധപ്പെട്ട വിജ്ഞാപനം ഇറങ്ങിയെന്നും തിരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിക്കഴിഞ്ഞാൽ പിന്നീടു കോടതി ഇടപെടുന്നത് നിയമപരമല്ലെന്നും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. തിരഞ്ഞെടുപ്പു നടപടികൾ ഫലപ്രഖ്യാപനം വരെയുള്ള കാര്യങ്ങളാണ്. അദ്ധ്യക്ഷ പദവി നിർണയിക്കുന്നത് ഇതിൽ വരില്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.

 സംവരണം ഇങ്ങനെ

അദ്ധ്യക്ഷ പദവിയുടെ വനിതാ സംവരണം 33 ശതമാനത്തിൽ കുറയരുതെന്ന് ഭരണഘടന പറയുന്നു, പഞ്ചായത്ത്, മുനിസിപ്പാലിറ്റി നിയമങ്ങളിൽ സംവരണം 50 ശതമാനത്തിൽ കൂടരുതെന്നും പറയുന്നുണ്ട്. ഇൗ രണ്ടു വ്യവസ്ഥകളും കൃത്യമായി പാലിക്കണം. നിലവിൽ 50 ശതമാനം വനിതാ സംവരണവും പട്ടികജാതി - പട്ടിക വർഗ്ഗ സംവരണവും കൂടി വരുന്നതോടെ സംവരണം 67 ശതമാനം കവിയും. ഇത്തരമൊരു സാഹചര്യത്തിൽ ഭരണഘടനാ പ്രകാരം സംവരണത്തിന് എങ്ങനെയാണ് റൊട്ടേഷൻ ഏർപ്പെടുത്തുകയെന്ന് ഹൈക്കോടതി ചോദിച്ചു.