ed

കൊച്ചി: കള്ളപ്പണക്കേസിൽ ചില രാഷ്ട്രീയനേതാക്കളുടെ പേരുപറയാൻ നിർബന്ധിച്ചെന്ന ശിവശങ്കറിന്റെ ആരോപണം കള്ളവും ദുരുദ്ദേശ്യപരവുമാണെന്ന് ഇ.ഡിയുടെ സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ കോടതിയിൽ വ്യക്തമാക്കി. ഇത്തരമൊരു സംഭവമുണ്ടെങ്കിൽ ജാമ്യാപേക്ഷയിലെ വാദം നടന്നപ്പോൾ ശിവശങ്കർ ഉന്നയിക്കുമായിരുന്നില്ലേയെന്നും സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ടി.എ. ഉണ്ണിക്കൃഷ്ണൻ സമർപ്പിച്ച എതിർ വിശദീകരണപത്രികയിൽ പറയുന്നു. ഇ.ഡിയുടെ കേസിൽ ജാമ്യംതേടി സമർപ്പിച്ച ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയാനിരിക്കെയാണ് ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് ശിവശങ്കർ വിശദീകരണക്കുറിപ്പ് സമർപ്പിച്ചത്.


 ഇ.ഡിയുടെ വിശദീകരണം

തന്റെ അപേക്ഷയനുസരിച്ച് ശിവശങ്കർ മൂന്നുനാലുതവണ കസ്റ്റംസിനെ വിളിച്ചിട്ടുണ്ടെന്ന് സ്വപ്ന നവംബർ പത്തിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ എന്തിന് ശിവശങ്കർ ഇടപെട്ടുവെന്നതാണ് ചോദ്യം. ശിവശങ്കർ സംസാരിച്ച കസ്റ്റംസ് ഉദ്യോഗസ്ഥരെ കണ്ടെത്തി ഇ.ഡി ചോദ്യംചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചിലരെക്കൂടി ചോദ്യംചെയ്യാനുണ്ട്.

സ്വർണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നു. 21-ാം തവണ സ്വർണം കടത്തുന്നതിനിടെ പിടികൂടിയ ബാഗ് വിട്ടുകിട്ടാൻ സ്വപ്ന ആവശ്യപ്പെട്ടിട്ടും ശിവശങ്കർ വിളിക്കാതിരുന്നത് പിടിക്കപ്പെടുമെന്ന് ഭയന്നാണ്. ജോലിക്കുവേണ്ടി മുഖ്യമന്ത്രിയോടു അപേക്ഷിച്ചതും, ലൈഫ് മിഷനെക്കുറിച്ചും കെ. ഫോണിനെക്കുറിച്ചുമുള്ള രഹസ്യവിവരങ്ങൾ കൈമാറിയതും എയർപോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതുമൊക്കെ സ്വപ്നയുടെ അഭ്യർത്ഥന മാനിച്ചാണ്. ഇക്കാര്യങ്ങൾ ഇവരുടെ വാട്സ്ആപ്പ് സന്ദേശങ്ങളിൽ നിന്ന് വ്യക്തമാണ്.
ശിവശങ്കറിനുള്ള കോഴയായതിനാലാണ് സാമ്പത്തിക പ്രതിസന്ധി നേരിട്ട ഘട്ടത്തിൽപോലും സ്വപ്ന ലോക്കറിലെ പണം തൊടാത്തതെന്നും ഇ.ഡി കോടതിയെ അറിയിച്ചു.