കൊച്ചി : കോതമംഗലം മാർത്തോമ ചെറിയപള്ളി ഏറ്റെടുത്ത് ഒാർത്തഡോക്‌സ് വിഭാഗത്തിനു കൈമാറണമെന്ന സിംഗിൾബെഞ്ചിന്റെ ഉത്തരവിനെതിരെ യാക്കോബായ വിഭാഗത്തിൽപെട്ട എം.കെ. മത്തായി ഉൾപ്പെടെ അഞ്ചുപേർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻബെഞ്ച് പിന്നീടു പരിഗണിക്കാൻ മാറ്റി. ഹർജിക്കാരുടെ ആവശ്യം കണക്കിലെടുത്താണ് ഡിവിഷൻബെഞ്ചിന്റെ നടപടി.

കഴിഞ്ഞവർഷം ഡിസംബറിലാണ് സഭാതർക്കം കണക്കിലെടുത്ത് കോതമംഗലം ചെറിയപള്ളി ഏറ്റെടുത്ത് ഒാർത്തഡോക്സ് വിഭാഗത്തിനു കൈമാറാൻ സിംഗിൾബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെ നൽകിയ അപ്പീൽ ഡിവിഷൻബെഞ്ച് തള്ളിയിരുന്നു. തുടർന്ന് സിംഗിൾബെഞ്ചിന്റെ വിധി നടപ്പാക്കിയില്ലെന്നാരോപിച്ച് ഒാർത്തഡോക്സ് വിഭാഗം വികാരി തോമസ് പോൾ റമ്പാൻ നൽകിയ കോടതിയലക്ഷ്യഹർജി സിംഗിൾബെഞ്ച് വിധിപറയാൻ മാറ്റിയിരിക്കെയാണ് യാക്കോബായവിഭാഗം വീണ്ടും അപ്പീൽ നൽകിയിട്ടുള്ളത്.

നേരത്തെ കോടതിയലക്ഷ്യ ഹർജിയിൽ സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പള്ളി ഏറ്റെടുത്തു ഒാർത്തഡോക്സ് വിഭാഗത്തിനു കൈമാറാൻ വേണ്ടിവന്നാൽ കേന്ദ്രസേനയുടെ സഹായം തേടുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.