കൊച്ചി : കന്യാസ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന യൂട്യൂബ് വീഡിയോയ്ക്കെതിരെ നൽകിയ പരാതികളിൽ ഒരുമാസത്തിനകം നിയമപരമായ നടപടി സ്വീകരിക്കാൻ ഹൈക്കോടതി സംസ്ഥാന വനിതാ കമ്മിഷൻ, ഐ.ടി സെക്രട്ടറി, എറണാകുളം റൂറൽ എസ്.പി എന്നിവരോട് നിർദേശിച്ചു. ആലുവ സ്വദേശിനിയും സി.എം.സി മൗണ്ട് കാർമ്മൽ ജനറലേറ്റിന്റെ പബ്ളിക് റിലേഷൻ ഒാഫീസറുമായ സിസ്റ്റർ മരിയ ആന്റോ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്.
സാമുവൽ കൂടൽ എന്ന വ്യക്തി സാമുവലിന്റെ സുവിശേഷങ്ങൾ എന്ന പേരിൽ യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ കന്യാസ്ത്രീ സമൂഹത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്നാരോപിച്ച് വനിതാ കമ്മിഷനും ഐ.ടി സെക്രട്ടറിക്കും പൊലീസിനും പരാതി നൽകിയിട്ടും നിയമപരമായ നടപടിയൊന്നും സ്വീകരിച്ചില്ലെന്നായിരുന്നു ഹർജിക്കാരിയുടെ ആക്ഷേപം. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഒരു മാസത്തിനകം എതിർകക്ഷികൾ നടപടിയെടുത്ത് അക്കാര്യം ഹർജിക്കാരിയെ അറിയിക്കാനും സിംഗിൾബെഞ്ചിന്റെ വിധിയിൽ പറയുന്നു.