പള്ളുരുത്തി: വോട്ട് തരാം. പക്ഷേ, 40അടി റോഡ് എന്ന് യാഥാർത്ഥ്യമാക്കും ? ചോദ്യം പള്ളുരുത്തി നിവാസികളുടേതാണ്. എല്ലാം തിരഞ്ഞെടുപ്പിനും റോഡ് പൂർത്തിയാക്കുന്നത് ചർച്ചയാകുമെങ്കിലും ആരും വാക്ക് പാലിക്കാറില്ല. വീണ്ടും ഒരു തിരഞ്ഞെടുപ്പ് അടുത്തിരിക്കെ 40അടി റോഡിനായി രംഗത്ത് ഇറങ്ങാൻ ഒരുങ്ങുകയാണ് നാട്ടുകാർ.

നാല് പതിറ്റാണ്ടിന്റ കാത്തിരിപ്പ്

തോപ്പുംപിടി മുതൽ പെരുമ്പടപ്പ് വരെ നീളുന്നതാണ് 40അടി റോഡ്. 1979 ലാണ് ഈ റോഡിനു വേണ്ടിയുള്ള ആദ്യ ചർച്ചകൾ നടക്കുന്നത്. തുടർന്ന് ഒരു വർഷത്തിനു ശേഷം നിർമ്മാണവും തുടങ്ങി. ഭൂമി നിശ്ചിത സമയത്ത് അധികാരികൾക്ക് ഏറ്റെടുക്കാൻ കഴിയാത്തതോടെ പ്രശ്നറങ്ങൾ തുടങ്ങി. ഭൂമിയുടെ വിലയിൽ വന്ന മാറ്റവും കോർപ്പറേഷന് തലവേദനയായി.6 കി.മീ എത്തേണ്ട റോഡ്‌ 3 കിലോമീറ്ററിൽ എത്തി നിൽക്കുകയാണ്. ഇനി വീടുകൾ ഒഴിപ്പിക്കാനും ഏറ്റെടുക്കാനുമുണ്ട്. കൊച്ചിൻ കോർപ്പറേഷന്റ് കൊടും കാര്യസ്ഥതയാണ് ഇതിന് കാരണമെന്ന് പള്ളുരുത്തിയിലെ സാമൂഹ്യ പ്രവർത്തകനായ ദീപം വൽസൻ ആരോപിക്കുന്നു.

കളക്ടർ ഇടപെടണം

പ്രഖ്യാപനത്തിൽ ഒതുങ്ങിയ പദ്ധതി യാഥാർത്ഥ്യമാക്കാൻ കളക്ടർ ഇടപെടണമെന്നാണ് നാട്ടുകാർ പറയുന്നത്. കൊച്ചി മെട്രോ, സ്മാർട്ട് സിറ്റി, വല്ലാർപാടം, കണ്ണങ്ങാട്ട് പാലം തുടങ്ങി നിരവധി പദ്ധതികൾ അധികാരികൾക്ക് കൊണ്ടുവരാൻ കഴിഞ്ഞു. എന്നിട്ടും 40അടി റോഡ് ഒന്നുമായില്ല. വരുന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ 40 അടി റോഡിനായി മുന്നിട്ടിറങ്ങുമെന്നാണ് മുൻ ഡപ്യൂട്ടി മേയറും തറേഭാഗം യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ കെ.ആർ.പ്രേമകുമാർ പറയുന്നത്.