m-sivasankar

കൊച്ചി : സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റർചെയ്ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. സ്വർണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നെന്നും തന്റെ അപേക്ഷപ്രകാരം ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചെന്നും രണ്ടാംപ്രതിയായ സ്വപ്ന സുരേഷ് നവംബർ പത്തിന് ഇ.ഡിക്ക് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. ഇതു സത്യമാണെങ്കിൽ സ്വർണമടങ്ങിയ ബാഗുകൾ വിട്ടുകിട്ടാനാണോ ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതെന്ന് കണ്ടെത്താൻ തുടരന്വേഷണം വേണമെന്ന് 53 പേജുകളുള്ള വിധിന്യായത്തിൽ പറയുന്നു. അതേസമയം ഇതുവരെ ശിവശങ്കറിന്റെ പങ്ക് വെളിപ്പെടുത്താതിരുന്ന സ്വപ്ന ഇപ്പോൾ അക്കാര്യം വെളിപ്പെടുത്തുന്നതിനെക്കുറിച്ച് പരിശോധിക്കണമെന്നും വിധിന്യായത്തിലുണ്ട്.

സ്വർണക്കടത്തിനെത്തുടർന്നു കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് ഇ.ഡി രജിസ്റ്റർചെയ്ത കേസിൽ ഒക്ടോബർ 28 നാണ് ശിവശങ്കറിനെ അറസ്റ്റുചെയ്തത്. നിലവിലുള്ള രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനല്ലെന്ന് ഇൗ ഘട്ടത്തിൽ പറയാൻ കഴിയില്ലെന്നും അന്വേഷണം നിർണായകഘട്ടത്തിലാണെന്നും കോടതി പറഞ്ഞു. കുറ്റകൃത്യത്തിൽ പ്രതിക്കുള്ള പങ്കിന് തെളിവുകൾ ശേഖരിക്കാൻ അന്വേഷണ ഏജൻസിക്ക് കൂടുതൽ സമയം അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി.

 ഇ.ഡിയുടെ വിരുദ്ധനിലപാട് പ്രതിക്ക് രക്ഷയാകരുതെന്ന് കോടതി

സ്വപ്നയുടെ ലോക്കറിൽനിന്ന് പിടിച്ചെടുത്ത പണവും സ്വർണവും സ്വർണക്കടത്തിലൂടെ നേടിയതാണെന്നാണ് തുടക്കംമുതൽ ഇ.ഡിയുടെ നിലപാട്. എന്നാൽ ജാമ്യാപേക്ഷയെ എതിർത്തു സമർപ്പിച്ച വിശദീകരണത്തിൽ പിടിച്ചെടുത്ത ഒരുകോടി രൂപ ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കറിനു നൽകിയ കോഴയാണെന്ന് സ്വപ്ന മൊഴി നൽകിയെന്ന് ഇ.ഡി വ്യക്തമാക്കി. ഇതാദ്യമായാണ് കോഴപ്പണമാണ് പിടികൂടിയതെന്ന് ഇ.ഡി പറയുന്നത്. ഇക്കാര്യത്തിൽ ഇ.ഡിയുടെ വിരുദ്ധനിലപാടുകൾ കേസിൽ കുറ്റക്കാരനല്ലെന്ന വാദം ഉന്നയിച്ച് പ്രതിക്ക് രക്ഷപ്പെടാനുള്ള വഴിയായി മാറരുതെന്ന് കോടതി പറഞ്ഞു. ലോക്കറിലെ പണം ശിവശങ്കറിന്റെ കോഴപ്പണമാണെന്നും ലൈഫ് മിഷന്റെ രഹസ്യവിവരങ്ങൾ ശിവശങ്കർ കൈമാറിയിട്ടുണ്ടെന്നും നവംബർ പത്തിലെ സ്വപ്നയുടെ മൊഴിയിൽ പറയുന്നു. ഇക്കാര്യങ്ങൾ ഇതുവരെ സ്വപ്ന വെളിപ്പെടുത്തിയിരുന്നില്ല. സ്വർണക്കടത്തിലൂടെ ലഭിച്ച കള്ളപ്പണമാണെന്ന ഇ.ഡിയുടെ ആദ്യകുറ്റപത്രത്തിലെ നിലപാടിനു വിരുദ്ധമാണിത്. കണ്ടെത്തലുകളിലെ വൈരുദ്ധ്യത്തെക്കുറിച്ച് ആരാഞ്ഞപ്പോൾ പ്രാഥമികകുറ്റപത്രം അന്തിമമല്ലെന്നും അന്വേഷണം തുടരുകയാണെന്നും അഡിഷണൽ സോളിസിറ്റർ ജനറൽ വ്യക്തമാക്കി. സ്വപ്നയുടെ മൊഴി കരുതലോടെ പരിശോധിച്ച് തുടരന്വേഷണം നടത്തണം. ആരോപിക്കുന്ന കുറ്റത്തിൽനിന്നു ലഭിച്ച സമ്പാദ്യമാണോ അതോ ലൈഫ് മിഷൻ പദ്ധതിയിലെ കോഴയാണോ എന്നു തുടരന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാവൂ. ശിവശങ്കറിനു പങ്കുണ്ടെങ്കിൽ അക്കാര്യവും അന്വേഷിച്ചു കണ്ടെത്തണം - കോടതി പറഞ്ഞു.

 ശിവശങ്കർ വിളിച്ചതു രേഖയിലില്ലെന്ന് കോടതി

സ്വപ്നയുടെ അപേക്ഷയനുസരിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചെന്ന് ഒക്ടോബർ 15 ന് ശിവശങ്കർ നൽകിയ മൊഴിയിലുണ്ടെന്ന് ഇ.ഡി പറയുന്നുണ്ടെങ്കിലും അത്തരമൊരു മൊഴി കേസിന്റെ രേഖകളിലോ മുദ്രവെച്ച കവറിൽ നൽകിയ വിവരങ്ങളിലോ ഇല്ലെന്ന് കോടതി വ്യക്തമാക്കി. ശിവശങ്കർ വിളിച്ചെന്നു പറയുന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തിട്ടുമില്ല. ശിവശങ്കർ കസ്റ്റംസിനെ വിളിച്ചെന്നതടക്കം വ്യക്തമാക്കി സ്വപ്ന നവംബർ പത്തിനു നൽകിയ മൊഴി സൂക്ഷ്മമായി പരിശോധിക്കണം. തുടരന്വേഷണത്തിന്റെയടിസ്ഥാനത്തിൽ വിചാരണഘട്ടത്തിലാണ് ഇതു പരിശോധിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.