ആലുവ: ആലുവ നഗരസഭയിൽ മൂന്ന് മുന്നണികളിലെയും സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നപ്പോൾ കുടുംബശ്രീ അംഗങ്ങൾക്ക് ഉയർന്ന പരിഗണന. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 26 വാർഡുകളിലായി 15 കുടുംബശ്രീ അംഗങ്ങളാണ് സ്ഥാനാർത്ഥികളായത്.

കഴിഞ്ഞ കൗൺസിലിൽ എട്ട് വനിതകളും കുടുംബശ്രീയംഗങ്ങളായിരുന്നു. വീണ്ടും മത്സരിക്കുന്ന സിറ്റിംഗ് കൗൺസിലർമാരിൽ നഗരസഭാദ്ധ്യക്ഷയടക്കം അയൽക്കൂട്ട പ്രവർത്തകരാണ്. മൂന്ന് മുന്നണികളും കുടുംബശ്രീയംഗങ്ങളെ ഉൾപ്പെടുത്തിയതും ജനകീയ മുന്നേറ്റത്തിന് തെളിവാണ്. അതിനാൽ 10, 24 വാർഡുകളിൽ ഏത് പാർട്ടി ജയിച്ചാലും കുടുംബശ്രീക്ക് കൗൺസിലർ ഉറപ്പാണ്. ആലുവയിലെ ഏതാനും വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളായും കുടുബശ്രീ പ്രവർത്തകർ തെരെഞ്ഞെടുപ്പ് രംഗത്തുണ്ട്. 24 ലെ സി.പി.എം റിബൽ സ്ഥാനാർത്ഥിയും കുടുംബശ്രീയംഗമാണ്. എൽ.ഡി.എഫ്, എൻ.ഡി.എ പട്ടികകൾ രണ്ടാം ഘട്ടം പുറത്തിറങ്ങാനുള്ളതിനാൽ ഇനിയും കുടുതൽ പേർ ഉൾപ്പെടാം. ഇത്തവണയും കൗൺസിലിൽ കൂടുതൽ കുടുംബശ്രീ അംഗങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ആലുവ നഗരസഭ സി.ഡി.എസ് ചെയർപേഴ്‌സൺ ശോഭാ ഓസ് വിൻ പറഞ്ഞു.