കോലഞ്ചേരി: വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ ചതുഷ്കോണ മത്സരത്തിന് കളമൊരുങ്ങി.യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികൾക്കു പുറമെ, ട്വന്റി 20യുമാണ് മത്സര രംഗത്ത്.

എൽ.ഡി.എഫ് 13 ഡിവിഷനുകളിലേക്കും സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി. ട്വന്റി 20 എട്ട് ഡിവിഷനുകളിലേക്കുള്ള സ്ഥാനാർത്ഥികളെ നിർണയിച്ച് വടവുകോട് ബ്ലോക്ക് വരണാധികാരിക്ക് നാമനിർദേശ പത്രിക നൽകി. സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാനാകാതെ യു.ഡി.എഫ്. നേതൃത്വം കുഴങ്ങുകയാണ്. കോൺഗ്രസിലെതന്നെ മൂന്ന് പ്രമുഖ നേതാക്കളാണ് പുത്തൻകുരിശ് ഡിവിഷനിലേക്ക് മത്സരിക്കാൻ തയ്യാറെടുക്കുന്നത്. കോൺഗ്രസ് നേതാക്കളായ കുഞ്ഞൂഞ്ഞ് ചെറിയ, ഗീവർഗീസ് ബാബു കാരക്കാട്ട്, ടി.കെ. പോൾ എന്നിവരാണ് അന്തിമ പട്ടികയിൽ ഇടം നേടിയത്. യു.ഡി.എഫ്. മണ്ഡലം കൺവീനർ സി.പി. ജോയി മത്സരിക്കുന്ന കടയിരുപ്പ്, അമ്പലമേട്ടിൽ തോമസ് കണ്ണടിയിൽ, വെമ്പിള്ളി ഡിവിഷനിൽ ഇ.എ. നവാസ് , വി.ആർ. അശോകൻ മത്സരിക്കുന്ന പട്ടിമറ്റം ഉൾപ്പെടെ 12 ഡിവിഷനിലും സ്ഥാനാർഥിപ്പട്ടികയായി. ഇന്ന് സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി പത്രിക സമർപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു. എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥികളിൽ കടയിരുപ്പിലെ എം.കെ. മനോജ് മുൻ ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റാണ്. മുൻ കുന്നത്തുനാട് പഞ്ചായത്ത് അംഗങ്ങളായ എൻ.വി. രാജപ്പൻ, ബേബി വർഗീസ്, ഷിജ അശോകൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്പിളി ഷിബു എന്നിവരും മത്സര രംഗത്തുണ്ട്. എൻ.ഡി.എ. ഇത്തവണ ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ ഡിവിഷനുകളിലേക്കും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. ചതുഷ്കോണ മത്സരത്തിൽ അടിയൊഴുക്കുകൾ എങ്ങോട്ടെന്നുള്ളതിന് ഒരു സൂചനകളുമില്ല. അപ്രതീക്ഷിതമായ വിജയപരാജയങ്ങൾക്ക് വേദിയാകുന്ന തിരഞ്ഞെടുപ്പാകുസുതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ