കൊച്ചി: നാടിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള ഏറ്റവും നല്ല സാമ്പത്തികമാതൃകയാണ് കിഫ്ബിയെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. ഒന്നിലധികം ഏജൻസികൾ ഓഡിറ്റു നടത്തുന്ന കിഫ്ബി സുതാര്യമായ സംവിധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യയുടെ (ഐ.സി.എ.ഐ) കേരളത്തിലെ ഒമ്പതു ശാഖകൾ സംയുക്തമായി സംഘടിപ്പിച്ച നവരത്‌ന ഓൾ കേരള വെർച്വൽ സി.പി.ഇ കോൺഫറൻസിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.സി.എ.ഐ പ്രസിഡന്റ് അതുൽകുമാർ ഗുപ്ത ഉദ്ഘാടനം ചെയ്തു. തോമസ് ചാഴികാടൻ എം.പി, ഐ.സി.എ.ഐ കേന്ദ്ര കൗൺസിൽ അംഗം ബാബു എബ്രഹാം കള്ളിവയലിൽ, മുൻ ചെയർമാൻ ജോമോൻ കെ. ജോർജ്, തിരുവനന്തപുരം ബ്രാഞ്ച് ചെയർമാൻ അനിൽകുമാർ പരമേശ്വരൻ, എറണാകുളം ബ്രാഞ്ച് ചെയർമാൻ റോയി വർഗീസ്, സെക്രട്ടറി കെ.വി. ജോസ് എന്നിവർ പ്രസംഗിച്ചു.
25 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഐ.സി.എ.ഐ വൈസ് പ്രസിഡന്റ് നിഹാർ നിരഞ്ജൻ ജംബുസാരിയ, എൻ.കെ. പ്രേമചന്ദ്രൻ എം.പി എന്നിവർ സന്നിഹിതരായിരിക്കും.