കൊച്ചി: യാത്രക്കാർക്ക് മെട്രോയ്ക്കകത്ത് സൈക്കിളുകൾ കൊണ്ടുപോകാൻ അനുമതി. നഗരത്തിൽ സൈക്കിളുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് തീരുമാനം. തുടക്കത്തിൽ കൊച്ചി മെട്രോയുടെ ആറ് സ്റ്റേഷനുകളിലായിരിക്കും ഈ സൗജന്യ സേവനം. ചങ്ങമ്പുഴ പാർക്ക്, പാലാരിവട്ടം, ടൗൺഹാൾ, എറണാകുളം സൗത്ത്, മഹാരാജാസ് കോളജ്, എളംകുളം മെട്രോ സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തിൽ സൈക്കിൾ കൊണ്ടുപോവുന്നതും ഇറക്കുന്നതും അനുവദിക്കുക. സേവനം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം ഉയർന്നാൽ മെട്രോ യാത്രക്കാരുടെ എണ്ണവും പരിഗണിച്ച് ഈ സർവീസ് എല്ലാ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും. സ്റ്റേഷനിലെ എലിവേറ്ററുകളും സൈക്കിൾ കൊണ്ടുപോവുന്നതിന് യാത്രക്കാർക്ക് ഉപയോഗിക്കാം. സൈക്കിളുമായി ട്രെയിനുകളിൽ പ്രവേശിക്കാൻ ജീവനക്കാരും സൗകര്യമൊരുക്കും. ട്രെയിനിന്റെ രണ്ട് അറ്റത്തും സൈക്കിൾ സൂക്ഷിക്കാം.
കഴിഞ്ഞ ദിവസം കളമശേരി മെട്രോ സ്റ്റേഷനിൽ നിന്ന് കാക്കനാട് സിവിൽസ്റ്റേഷൻ വരെ ഫീഡർ സർവീസിന് കൊച്ചി മെട്രോ തുടക്കമിട്ടിരുന്നു. കളമശേരിയിൽ നിന്ന് രാവിലെ 9.30നും കാക്കനാട് സിവിൽസ്റ്റേഷനിൽ നിന്ന് വൈകിട്ട് അഞ്ചിനുമാണ് ഫീഡർ സർവീസ് ആരംഭിക്കുക. വൈറ്റില മെട്രോ സ്റ്റേഷനിൽ ഓട്ടോ സർവീസും കെ.എം.ആർ.എൽ തുടങ്ങിയിട്ടുണ്ട്.