ആലുവ: ആലുവ നഗരസഭയിൽ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം പൂർത്തിയാതതോടെ 'തൂണും ചാരി നിന്നവൻ പെണ്ണും കൊണ്ടുപോയി' എന്ന അവസ്ഥയിലാണ്. പ്രവർത്തന മികവോ പാരമ്പര്യമോ പരിഗണിക്കാതെ നേതാക്കന്മാർ ഇഷ്ടക്കാർക്ക് സീറ്റ് നൽകിയപ്പോൾ അർഹതപ്പെട്ട പലരും പുറത്തായി. ഇതേതുടർന്ന് നിരവധി പേരാണ് ഭാരവാഹിത്വം രാജിവെച്ചും അല്ലാതെയും റബൽ സ്ഥാനാർത്ഥികളാകുന്നത്.

മണ്ഡലം ബൂത്ത് ഭാരവാഹികൾ ഉൾപ്പെടെ നിരവധി പേർ സ്ഥാനങ്ങൾ രാജിവെച്ച് രംഗത്തെത്തിയിട്ടുണ്ട്. 2,4,11,16,18 വാർഡുകളിലാണ് കോൺഗ്രസിന് റബൽ സ്ഥാനാർത്ഥികളുടെ സാന്നിദ്ധ്യമുള്ളത്. രണ്ടിൽ മുൻ കൗൺസിലർ മുഹമ്മദ് ബഷീർ, നാലിൽ മുൻ കൗൺസിലർ എം. രാധാകൃഷ്ണൻ, 11ൽ സിറ്റംഗ് കൗൺസിലർ സൗമ്യ കാട്ടുങ്ങല്ലിന്റെ ഭർത്താവ് സുധി കാട്ടുങ്ങൽ, 16ൽ ബ്‌ളോക്ക് എക്‌സിക്യൂട്ടീവ് അംഗം ബിജു ഫ്രാൻസിസ്, 18ൽ കേരള കോൺഗ്രസ് പ്രതിനിധിയുമാണ് വിമത പട്ടികയിലുള്ളത്. അവഗണനയിൽ പ്രതിഷേധിച്ച് തോട്ടക്കാട്ടുകര മണ്ഡലം വൈസ് പ്രസിഡന്റ് കെ.പി. അരവിന്ദാക്ഷൻ, ടൗൺ മണ്ഡലം സെക്രട്ടറി ദാമു അറത്തിൽ, വാർഡ് പ്രസിഡന്റ് പി.ഡി. ജോർജ് എന്നിവരാണ് പാർട്ടി സ്ഥാനം രാജിവെച്ചത്. അംഗവിന്ദാക്ഷൻ അംഗത്വവും ഉപേക്ഷിച്ചിട്ടുണ്ട്.

കോൺഗ്രസിൽ നിന്നും സീറ്റ് ലഭിക്കാത്തവരെ കൂട്ടി സ്വതന്ത്ര മുന്നണിയെന്ന പേരിൽ എല്ലാ വാർഡുകളിലും സ്ഥാനാർത്ഥികളെ നിർത്താൻ നീക്കം നടക്കുന്നുണ്ട്. സിറ്റിംഗ് കൗൺസിലറായ സെബി വി. ബാസ്റ്റ്യനും കെ.വി. സരളയും സ്വതന്ത്രമുന്നണിയുടെ ഭാഗമാകും. നഗരത്തിലെ ഒരു പ്രമുഖ മാദ്ധ്യമ പ്രവർത്തകനും മുൻ കൗൺസിലർമാരും ഉൾപ്പെടെ 16 വാർഡുകളിൽ സ്ഥാനാർത്ഥികളായെന്നാണ് ഇവർ അവകാശപ്പെടുന്നത്.

എൽ.ഡി.എഫിനും എൻ.ഡി.എക്കും സ്ഥാനാർത്ഥി ക്ഷാമം

ആലുവ നഗരസഭയിൽ എൽ.ഡി.എഫിനും എൻ.ഡി.എക്കും സ്ഥാനാർത്ഥി ക്ഷാമം. പത്രിക സമർപ്പണം നാളെ അവസാനിക്കുമെന്നിരിക്കെ ഇന്നലെ വൈകിട്ടാണ് രണ്ട് വാർഡുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. എൻ.സി.പിക്ക് നൽകിയ നാലാം വാർഡിൽ ഇനിയും സ്ഥാനാർത്ഥിയായിട്ടില്ല. സി.പി.എമ്മിന്റെ കൈവശമുള്ള 13,16 വാർഡുകളിലുമാണ് ഇന്നലെ സ്ഥാനാർത്ഥികളായത്. 13ൽ ഇ.എ. അബൂബക്കറും 16ൽ വി.എ സജ്ഞയും സ്ഥാനാർത്ഥികളാകും. എൽ.ഡി.എഫ് പട്ടികയിലെ പലരും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളാണ്. സി.പി.ഐക്ക് ലഭിച്ച മുനിസിപ്പൽ ലൈബ്രറി വാർഡിൽ തോട്ടക്കാട്ടുകരയിൽ നിന്നാണ് സ്ഥാനാർത്ഥിയെ കണ്ടെത്തിയത്.

എൻ.ഡി.എ മുന്നണിക്കും 20 വാർഡുകളിൽ മാത്രമാണ് ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടുള്ളു. മറ്റിടങ്ങളിൽ സ്ഥാനാർത്ഥികളെ കണ്ടെത്താൻ ഇവർക്കും കഴിഞ്ഞിട്ടില്ല. അതേസമയം, കോൺഗ്രസിൽ സ്ഥാനാർത്ഥി ബാഹുല്യം നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ബി.ജെ.പി രാജി, ജേഷ്ഠനെ സഹായിക്കാനാണെന്ന്

ജേഷ്ഠൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായപ്പോഴാണ് അനിയൻ രാജിവെച്ചതെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കി. 95 -ാം വാർഡിൽ ബൂത്ത് പ്രസിഡന്റായിരുന്ന വി.എ. സനിൽ കുറെകാലമായി പാർട്ടി പ്രവർത്തനത്തിലില്ല. സി.പി.എം പ്രവർത്തകനായിരുന്ന ജേഷ്ഠൻ ഇടത് മുന്നണി സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായപ്പോഴാണ് ബി.ജെ.പിയെ കുറ്റപ്പെടുത്തി ഇയാൾ രാജിവെച്ചതെന്ന് മണ്ഡലം പ്രസിഡന്റ് സതീഷ് കുമാർ പറഞ്ഞു.