കൊച്ചി: കൊച്ചി കോർപ്പറേഷനിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയിട്ടും മുസ്ളീംലീഗിലെ തർക്കങ്ങൾ തുടരുന്നു. പട്ടികയിൽനിന്ന് പുറത്തായ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കുടുംബാഗങ്ങൾക്ക് സീറ്റ് നൽകാനാണ് നീക്കം. 72ാം ഡിവിഷനായ പൊറ്റക്കുഴിയിൽ മത്സരിക്കുമെന്ന് ഉറപ്പിച്ചിരുന്ന ഹാരിസിന്റെ പേര് അവസാന നിമിഷത്തിലാണ് ലിസ്റ്റിൽ നിന്ന് വെട്ടിയത്. കൊവിഡ് പൊസിറ്റീവായതിനാൽ പ്രചാരണത്തിന് ഇറങ്ങാൻ കഴിയാത്തതിനാലാണ് അദ്ദേഹത്തെ മാറ്റിയതെന്ന് ലീഗ് നേതൃത്വം പറയുന്നു. ലീഗിന്റെ നിയോജകമണ്ഡലം ഭാരവാഹിയായ വി.എം.ബഷീറിനാണ് പകരം സീറ്റ് നൽകിയത്. ഇന്നലെ കാര്യങ്ങൾ വീണ്ടും മാറിമറിഞ്ഞു. ഹാരിസിന്റെ ഭാര്യയെ വനിതാ സംവരണമായ 70 ാം ഡിവിഷൻ കലൂർ നോർത്തിൽ മത്സരിപ്പിക്കാമെന്ന നിർദേശവുമായി ലീഗ് നേതാക്കൾ രംഗത്തെത്തി. എന്നാൽ അവർ പൊതുരംഗത്തേക്ക് വരാൻ മടിച്ചതിനാൽ നോർത്തിൽ തന്നെ താമസിക്കുന്ന മകളെ മത്സരിപ്പിക്കാനായി അടുത്ത ശ്രമം. ലീഗ് നേതാക്കൾ ഇന്നലെ ഭർത്തൃകുടുംബവുമായി സംസാരിച്ചു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ശോഭിത അഷ്‌റഫിന്റെ പേര് ഈ ഡിവിഷനിലേക്ക് പ്രഖ്യാപിച്ചുവെങ്കിലും അവർ സമ്മതം നൽകാത്തതിനാലാണ് പുതിയ സ്ഥാനാർത്ഥിയെ തേടുന്നതെന്ന് ലീഗ് വൃത്തങ്ങൾ പറയുന്നു.