വൈപ്പിൻ: ദമ്പതികൾ സഞ്ചരിച്ചിരുന്ന കാറിനു കുറുകെ തെരുവുനായ ചാടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട കാർ കായലിൽ വീണ് യുവതി മരിച്ചു. കോട്ടപ്പുറം കരുമാല്ലൂർ മാമ്പ്ര തെക്കുംപറമ്പിൽ ടി.കെ. അബ്ദുൾ സലാമിന്റെ ഭാര്യ സബീനയാണ് (35) മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെ ചെറായി രക്തേശ്വരി ബീച്ച് റോഡിലാണ് സംഭവം.
ബീച്ച് സന്ദർശിച്ച് വീട്ടിലേക്ക് തിരിച്ചുപോകുമ്പോൾ റോഡിലുള്ള മത്സ്യത്തൊഴിലാളികളുടെ ഷെൽട്ടറിന് കിഴക്കുവശത്തുവെച്ചാണ് നായ വട്ടംചാടിയതും കാർ വലതുവശത്തേക്കുള്ള കായലിൽ പതിച്ചതും. സംഭവസമയത്ത് റോഡ് വിജനമായിരുന്നതിനാൽ രക്ഷാപ്രവർത്തനം വൈകി. കായലിൽ വീണ കാർ 90 ശതമാനവും മുങ്ങിപ്പോയിരുന്നു. ഇതിനിടെ കാറിന്റെ ഡോർ തുറന്ന് സലാം ഭാര്യയുമായി പുറത്തിറങ്ങിയെങ്കിലും ശക്തമായ ഒഴുക്കും നല്ല താഴ്ചയുമുള്ള ഭാഗമായതിനാൽ ഏറെനേരം പിടിച്ചുനിൽക്കാനായില്ല. കായലിൽ മുങ്ങിപ്പോയ ഇരുവരെയും രക്ഷാപ്രവർത്തനത്തിനെത്തിയവർ ആശുപത്രിയിലെത്തിച്ചെങ്കിലും സബീനയുടെ ജീവൻ രക്ഷിക്കാനായില്ല. മുനമ്പം എസ്.ഐ വി.ബി. റഷീദിന്റെ നേതൃത്വത്തിൽ പൊലീസും രക്ഷാപ്രവർത്തനത്തിനെത്തിയിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പൊലീസാണ് കാർ കരയ്ക്കെത്തിച്ചത്.