കോലഞ്ചേരി: ഐക്കരനാട്ടിൽ തൂണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോകുന്ന അവസ്ഥയിലായി പ്രസിഡന്റ് സ്ഥാനം. നിനച്ചിരിക്കാതെ വന്ന സൗഭാഗ്യത്തിന് ആവശ്യക്കാരേറിയതോടെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അടിയോടടിയാകും ഫലം.തുടർച്ചയായ രണ്ടു വട്ടം പ്രസിഡന്റ് സ്ഥാനം സംവരണമായ ഐക്കരനാട്ടിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സംവരണം ഒഴിവാക്കും. ഇതോടെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയ മുന്നണികളിൽ വീണ്ടും സ്ഥാനാർത്ഥിയാകാൻ നേതാക്കളുടെ പെടാപ്പാട്. വനിത സംവരണമായി പ്രഖ്യാപിച്ച ഇവിടെ തൊട്ടു മുമ്പ് പട്ടികജാതി സംവരണമായിരുന്നു. വനിത സംവരണമായതോടെ പ്രസിഡന്റ് കുപ്പായം തുന്നി വെച്ചവർ ബ്ളോക്കിലേയ്ക്ക് നോട്ടമിട്ടു. ഒടുവിൽ ബ്ളോക്കും പോയി, ഇപ്പോൾ പഞ്ചായത്തും പോയ സ്ഥിതിയാണ്. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച മുന്നണി സ്ഥാനാർത്ഥികൾ പ്രചാരണത്തിന്റെ രണ്ടു ഘട്ടം പൂർത്തിയാക്കിയതോടെ ഇനി മാറ്റാനാകില്ലെന്നാണ് മുന്നണി നേതൃത്വത്തിന്റെ നിലപാട്. യു.ഡി.എഫിൽ തിരഞ്ഞെടുപ്പ് നടക്കും മുമ്പെ തന്നെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നോട്ടമിട്ട് നാലു പേരുണ്ട്. ഇവരെ കൂടാതെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിച്ച വനിത സ്ഥാനാർത്ഥിയും മത്സര രംഗത്തുണ്ട്.