ആലുവ: ത്രിതല തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിൽ ഈഴവ വിഭാഗം തുടങ്ങി പിന്നാക്ക വിഭാഗക്കാരെ പൂർണമായി തഴഞ്ഞ മുന്നണികൾക്കെതിരെ ബാലറ്റുകളിലൂടെ തിരിച്ചടി നൽകണമെന്ന് ആലുവ ശ്രീനാരായണ ക്ളബ് ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം 'കേരളകൗമുദി' പുറത്തുവിട്ട കണക്കുകൾ പിന്നാക്ക ജനവിഭാഗത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ്. മൂന്ന് മുന്നണികളും ജനസംഖ്യയിൽ 25 ശതമാനത്തോളമുള്ള ഈഴവ വിഭാഗത്തെ അവഗണിച്ചിരിക്കുകയാണ്. ആലുവ മണ്ഡലത്തിൽ എടത്തല ഗ്രാമപഞ്ചായത്തിൽ ഈഴവ വിഭാഗത്തിലെ ഒരാളെപ്പോലും സ്ഥാനാർത്ഥിയാക്കാൻ എൽ.ഡി.എഫ് വിമുഖത കാട്ടിയപ്പോൾ ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽ സമാനമായ സാഹചര്യമുണ്ടാക്കിയത് യു.ഡി.എഫ് മുന്നണിയാണ്. സംവരണം ഉള്ളതുകൊണ്ട് മാത്രമാണ് പട്ടികജാതി വിഭാഗത്തിന് നാമമാത്രമായ പ്രാതിനിദ്ധ്യമുണ്ടാകുന്നത്. അല്ലായിരുന്നെങ്കിൽ അവിടെയും സംഘടിത മതവിഭാഗങ്ങൾ കൈയടക്കുമായിരുന്നു. പിന്നാക്ക വിഭാഗത്തെ അവഗണിച്ചവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് ക്ളബ് പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറിയുമായ കെ.എസ്. സ്വാമിനാഥൻ, സെക്രട്ടറി കെ.എൻ. ദിവാകരൻ എന്നിവർ പറഞ്ഞു. ടി.എസ്. അരുൺ, കെ.കെ. മോഹനൻ, ആർ.കെ. ശിവൻ, ബൈജു കോടത്ത് എന്നിവർ സംസാരിച്ചു.