കൊച്ചി: കരിപ്പൂർ എയർപോർട്ടിൽ കഴിഞ്ഞ ആഗസ്റ്റ് ഏഴിന് ലാൻഡിംഗിനിടെ വിമാനം തെന്നിമാറി ദുരന്തം ഉണ്ടായതിനെക്കുറിച്ച് ജുഡിഷ്യൽ - സി.ബി.ഐ അന്വേഷണങ്ങൾ നടത്തണമെന്നും എയർപോർട്ട് അടച്ചു പൂട്ടണമെന്നുമാവശ്യപ്പെട്ട് എറണാകുളം സ്വദേശിയായ അഡ്വ. യശ്വന്ത് ഷേണായ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. അപകടത്തെക്കുറിച്ച് സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ റിട്ട. ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡിഷ്യൽ അന്വേഷണം നടത്തണം, കുറ്റക്കാരെ കണ്ടെത്താൻ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണം, അന്താരാഷ്ട്ര - ആഭ്യന്തര സർവീസുകൾക്കായി ഏർപ്പെടുത്തിയിട്ടുള്ള വ്യോമയാന മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുന്നതുവരെ കരിപ്പൂർ എയർപോർട്ട് അടച്ചിടണം എന്നീ ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരുന്നത്. എന്നാൽ വിമാനാപകടങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് വ്യക്തമായ നടപടിക്രമങ്ങളും മാർഗനിർദ്ദേശങ്ങളുമുണ്ടെന്നും എയർക്രാഫ്ട് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഇതിന്റെയടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയാണെന്നും ഹൈക്കോടതി വിലയിരുത്തി. ഇൗ ഘട്ടത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും ഹർജി അപക്വമാണെന്നും വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.