തൃശൂർ: പീഡനക്കേസിൽ പ്രതിയായ എസ്.ഐയുടെ മുൻകൂർ ജാമ്യ ഹർജി തള്ളി. ബി.ടെക് ബിരുദധാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയും എറണാകുളം മുളവുകാട് പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടറുമായ മരട് സ്വദേശിയായ പനച്ചിക്കൽ പി.ആർ. സുനുവിന്റെ (44) മുൻകൂർജാമ്യ ഹർജിയാണ് തൃശൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഡി. അജിത്കുമാർ തള്ളിയത്.

പട്ടികജാതിക്കാരിയായ യുവതി പരാതി കൊടുക്കുന്നതിനായി മുളവുകാട് പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പ്രതിയായ പൊലീസ് ഇൻസ്‌പെക്ടർ പരാതിക്കാരിയെ സ്വാധീനിച്ച് അടുപ്പം ഉണ്ടാക്കുകയും തുടർന്ന് പലതവണ കാറിൽ വച്ചും പ്രതിയുടെ വീട്ടിലേക്ക് കൊണ്ടുപോയി അവിടെവച്ചും പീഡിപ്പിച്ചുവെന്നാണ് ആരോപണം. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രതി ഭാര്യയെ വിവാഹമോചനം നടത്തി പരാതിക്കാരിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പിന്നെയും പലതവണ പീഡിപ്പിച്ചുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു.

2019 നവംബർ 25ന് പരാതിക്കാരിയെ ബലം പ്രയോഗിച്ച് തൃശൂരിലേക്ക് കൊണ്ടുവരികയും ഹോട്ടലിൽ മുറിയെടുത്ത് താമസിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്തതിന് ശേഷം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സ്ഥലത്തെത്തിയ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥ യുവതിയെ കൂട്ടിക്കൊണ്ടുപോയി മൊഴിയെടുത്ത ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു ഹാജരായി.