കൊച്ചി : സ്വർണക്കടത്തു കേസിൽ സ്വപ്നയുടെ ഒടുവിലത്തെ മൊഴി കുരുക്കായി. ഇനി ജാമ്യത്തിനായി എം. ശിവശങ്കർ ഹൈക്കോടതിയെ സമീപിക്കും. സ്വർണക്കടത്തിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് ഇ.ഡി രജിസ്റ്റർ ചെയ്ത കേസിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. കേസിൽ നവംബർ പത്തിന് സ്വപ്നയെ ഇ.ഡി ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെ ജയിലിൽ പോയി ചോദ്യംചെയ്ത് മൊഴിയെടുത്തിരുന്നു. ഇൗ മൊഴിയിൽ കള്ളക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നെന്നും ലോക്കറിൽനിന്ന് ലഭിച്ചപണം ശിവശങ്കറിന് നൽകിയ കോഴയാണെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. സ്വപ്നയുടെ മൊഴിയിൽ ഇക്കാര്യങ്ങൾ പറയുന്നുണ്ടെന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിക്കൊണ്ട് പ്രസ്താവിച്ച വിധിയിലും പറയുന്നുണ്ട്. ഇൗ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രധാനമായും ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചത്.
സ്വർണക്കടത്തിലൂടെ ലഭിച്ച കള്ളപ്പണമാണോ ലൈഫ് മിഷനിലെ കോഴപ്പണമാണോ എന്ന സംശയം ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിൽ സ്വപ്നയുടെ മൊഴിക്ക് പ്രാധാന്യമുണ്ട്. ഇ.ഡിക്ക് നൽകുന്ന മൊഴിക്ക് തെളിവു മൂല്യമുള്ളതിനാൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇനി ഹൈക്കോടതിയിലേക്ക്
ഇ.ഡിയുടെ കേസിൽ ജാമ്യംതേടി ശിവശങ്കർ ഹൈക്കോടതിയെ സമീപിക്കും. പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ഇനി ഹൈക്കോടതിയിലാണ് ജാമ്യഹർജി നൽകേണ്ടത്. അടുത്ത ദിവസങ്ങളിൽ ഇതിനു നടപടിയുണ്ടാകുമെന്ന് സൂചനയുണ്ട്. അതേസമയം വീണ്ടും പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ശിവശങ്കറിന് ജാമ്യംനൽകാൻ നിയമപരമായി കഴിയുമെങ്കിലും നിലവിലെ വിധിയിൽ ശിവശങ്കറിന് പ്രതികൂലമായ നിരവധി നിരീക്ഷണങ്ങളുള്ളത് വിനയാകുമെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.