കൊച്ചി : പെരുമ്പളം പാലത്തിന്റെ നിർമ്മാണ കരാർ ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കു നൽകിയതിനെതിരെ ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസ് കമ്പനി നൽകിയ ഹർജി ഹൈക്കോടതി തള്ളി. 90.77കോടി രൂപയുടെ പദ്ധതിക്ക് ഹർജിക്കാർ 95.20 കോടിയുടെ ടെണ്ടറാണ് നൽകിയത്. ഉൗരാളുങ്കൽ സൊസൈറ്റി 97.12 കോടി രൂപയുടെ ടെണ്ടർ നൽകി. കുറഞ്ഞ തുക ക്വാട്ടു ചെയ്ത തങ്ങളെ ഒഴിവാക്കി ലേബർ കോൺട്രാക്ട് സൊസൈറ്റി എന്ന മുൻഗണന നൽകി ഉൗരാളുങ്കലിന് കരാർ നൽകുകയാണ് ചെയ്തതെന്നും ഇതു നിയമപരമല്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

എന്നാൽ സഹകരണ സംഘങ്ങളെയും വ്യക്തികളെയും ഒരുപോലെ കാണാൻ കഴിയില്ലെന്നും തൊഴിലാളി ക്ഷേമത്തിനായി സ്വീകരിക്കുന്ന സർക്കാർ നടപടികളുടെ ഭാഗമായാണ് ഇതിനെ കാണേണ്ടതെന്നും ഹൈക്കോടതി വിലയിരുത്തി. തൊഴിലാളികളുടെ സഹകരണ സംഘത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നടപടി അവരുടെ ക്ഷേമത്തിനു വേണ്ടിയാണ്. ആ നിലയ്ക്ക് കരാർ ഉൗരാളുങ്കലിനു നൽകിയതിൽ അപാകതയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് ഹർജി തള്ളിയത്.