കളമശേരി: ഏലൂർ ഫാക്ട് ജംഗ്ഷനിലെ ഐശ്വര്യ ജുവലറിയിൽ കഴിഞ്ഞദിവസം നടന്ന സ്വർണക്കവർച്ചയിൽ ഒന്നിലധികം മോഷ്ടാക്കൾ ഉള്ളതായി കരുതുന്നു. വിരലടയാളങ്ങൾ ഒന്നിലധികം പതിഞ്ഞിട്ടുണ്ടെങ്കിലും ഫോറൻസിക് ലാബിലെ ഫലംകൂടി ലഭിച്ചാലേ വ്യക്തത വരുത്താൻ കഴിയുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. നാലു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം തുടരുന്നത്.
കടഉടമ വിജയകുമാറിനെ ഇന്നലെയും സ്റ്റേഷനിലേക്ക് വിളിച്ച് മൊഴിയെടുത്തു. രണ്ടു പതിറ്റാണ്ടായി പ്രവർത്തിക്കുന്നതാണ് ജുവലറി. കടയുടെ പുറകിലെ ഭിത്തിതുരന്ന് വിദഗ്ദ്ധമായാണ് കവർച്ച നടത്തിയിരിക്കുന്നത്.
ഫാക്ട് ഷോപ്പിംഗ് കോംപ്ളക്സിൽ ബാങ്ക് ഉൾപ്പെടെ മുപ്പത്തിരണ്ട് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതിലെ ഒരുകടമുറിയിലാണ് വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ജുവലറിയും ബാർബർ ഷാഷും പ്രവർത്തിക്കുന്നത്. പ്ളൈവുഡ് കൊണ്ടാണ് കട രണ്ടായി തിരിച്ചിട്ടുള്ളത്. പുറകുവശം കാടുമൂടി കിടക്കുകയാണ്. അതിലൂടെ സഞ്ചരിക്കാനും കൃത്യമായി കടമുറി കണ്ടുപിടിക്കാനും ബുദ്ധിമുട്ടാണ്. മുൻകൂട്ടി പദ്ധതി തയ്യാറാക്കിയായിരിക്കണം കവർച്ച നടത്തിയിട്ടുള്ളതെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.
2. 9 കിലോഗ്രാം സ്വർണം, 25 കിലോ വെള്ളി, 6 ജോഡി ഡയമണ്ട്സ് റിംഗ് എന്നിവ മോഷണം പോയെന്നാണ് പരാതി.