delhi-high-court
ഡൽഹിയിലെ ഹൈക്കോടതി

ഫേസ് ബുക്കിനെന്താ ഈ ബേക്കറിയിൽ കാര്യം ? അഴകിയ രാവണൻ എന്ന സിനിമയിൽ ഇന്നസെന്റിന്റെ കഥാപാത്രം ചോദിക്കുന്ന അതേ ടോണിൽ ഇങ്ങനെയൊരു ചോദ്യം ഡൽഹിയിലെ ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം കേട്ടു. പ്രശസ്ത സോഷ്യൽ മീഡിയ പ്ളാറ്റ് ഫോമായ ഫേസ്ബുക്ക് ഹൈക്കോടതിയിൽ ഒരു ഹർജി നൽകിയതാണ് ഈ ചോദ്യത്തിനു വഴിയൊരുക്കിയത്. ഫേസ് ബുക്കിന്റെ ആവശ്യം ന്യായമാണ്.

തങ്ങളുടെ പേരും ലോഗോയും കോപ്പിയടിച്ചൊരു ബേക്കറി പ്രവർത്തിക്കുന്നുണ്ട്. അതു തടയണം. സംഗതി ശരിയാണ്. ഫേസ് ബേക്കറി എന്ന ഡൽഹിയിലെ ഒരു ബേക്കറിക്കെതിരെയാണ് ഫേസ് ബുക്കിന്റെ പരാതി. ഫേസ് ബേക്കറി ദി പേസ്ട്രി ഹബ് എന്ന വെബ്സൈറ്റും ഇവർക്കുണ്ട്. കേക്കും മധുരപലഹാരങ്ങളുമൊക്കെ വിൽക്കുന്ന ഫേസ്ബേക്കറിയുടെ പേരിനും ലോഗോയ്ക്കും ഒറ്റനോട്ടത്തിൽ ഫേസ് ബുക്കിനോടു വല്ലാത്ത സാമ്യം. ബേക്കറിയുടമ നൗഫൽ മലോലിനെതിരെ ഫേസ് ബുക്ക് നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ജസ്റ്റിസ് രാജീവ് ശക്തധർ അദ്ധ്യക്ഷനായ സിംഗിൾ ബെഞ്ച് ഫേസ് ബേക്കറിയെന്ന പേരും ലോഗോയും ഉപയോഗിക്കുന്നതിൽ നിന്ന് ഉടമയെ തടഞ്ഞു ഇടക്കാല ഉത്തരവും നൽകി. ഒരു മാസത്തിനകം വിശദീകരണം നൽകാനും എതിർകക്ഷിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബംഗളൂരുവിലും ഇതേപേരിൽ ഒരു ബേക്കറി നെറ്റ്‌വർക്ക് പ്രവർത്തിക്കുന്നുണ്ട്. മാത്രമല്ല, നമ്മുടെ നാട്ടിൽ തന്നെ എത്രയോ ഷോപ്പുകൾക്ക് ഫേസ് ബുക്ക് എന്നുതന്നെ പേരുണ്ട്. നീലനിറവും എഫ് എന്ന ഇംഗ്ളീഷ് അക്ഷരവുമൊക്കെ ഫേസ് ബുക്കിന്റെ അതേ രീതിയിൽ ചിത്രീകരിച്ച് കടകൾക്കും ഉത്‌പന്നങ്ങൾക്കും പേരിടുന്നവർ സൂക്ഷിക്കണം. ഇതൊക്കെ നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടുന്ന ഇടക്കാല ഉത്തരവാണ് ഡൽഹി ഹൈക്കോടതിയുടേത്.

പൊലീസുകാർക്കെന്താ ഈ അക്കൗണ്ടിൽ കാര്യം ?

ഈ ചോദ്യം കർണാടക ഹൈക്കോടതിയുടേതാണ്. ഒരു വ്യക്തിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലേക്ക് കടക്കാനുള്ള യൂസർ നെയിമും പാസ്‌വേർഡും വാങ്ങി അന്വേഷണം നടത്തിയ ശേഷം അവ ഉപയോഗിക്കാൻ അതേ വ്യക്തിക്ക് പൊലീസ് തിരിച്ചു നൽകേണ്ടതുണ്ടോ ? ഉണ്ടെന്നാണ് ജസ്റ്റിസ് സൂരജ് ഗോവിന്ദ് രാജിന്റെ വിധിയിൽ പറയുന്നത്. ഒരു വ്യക്തിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ യൂസർനെയിം, പാസ്‌വേർഡ് എന്നിവ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വാങ്ങിയാൽ മതിയായ വിവരങ്ങൾ ശേഖരിച്ച ശേഷം അക്കൗണ്ട് ഉപയോഗിക്കാൻ അതേ വ്യക്തിക്ക് തിരിച്ചു നൽകണമെന്ന് ഹൈക്കോടതി വ്യക്തമാക്കുന്നു. കർണാടക മുഖ്യമന്ത്രി ബി.എസ്. യെദൃൂരപ്പയുമായിബന്ധപ്പെട്ട് അഴിമതിയാരോപണങ്ങൾ നിരന്തരം ഉന്നയിച്ചിരുന്ന പവർ ടി.വി എന്ന വാർത്താ ചാനലിന്റെ ഉടമ രാകേഷ് ഷെട്ടിയുടെ ഹർജിയിലാണ് ഈ വിധി. ഹർജിക്കാരന്റെ ഒാഫീസിൽ റെയ്ഡ് നടത്തി ഇലക്ട്രോണിക് ഉപകരണങ്ങൾ പിടികൂടിയ അന്വേഷണ സംഘം ഹർജിക്കാരന്റെ ഫേസ് ബുക്ക്, യൂട്യൂബ് ചാനൽ തുടങ്ങിയവയുടെ യൂസർ നെയിമും പാസ്‌വേർഡും ആവശ്യപ്പെട്ടു. അന്വേഷണവുമായി സഹകരിക്കുന്നതിന്റെ ഭാഗമായി ഇവയൊക്കെ പൊലീസിനു കൈമാറി. എന്നാൽ ഇതിനുശേഷം യൂസർനെയിമും പാസ്‌വേർഡും മാറ്റി ഇൗ അക്കൗണ്ടുകൾ പൊലീസ് കൈവശം വച്ചിരിക്കുകയാണെന്നും തന്റെ വെബ് ചാനൽ ഉൾപ്പടെയുള്ളവ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ലെന്നും ഹർജിക്കാരൻ ഹൈക്കോടതിയിൽ പരാതിപ്പെട്ടു. അന്വേഷണത്തിന്റെ ഭാഗമായി ഒരു വ്യക്തിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പ്രവേശിക്കാനുള്ള വിവരങ്ങൾ പൊലീസിന് ശേഖരിക്കാമെങ്കിലും അന്വേഷണം കഴിയുന്നതുവരെ ഇതു കൈവശം വെക്കാൻ കഴിയില്ലെന്ന് സിംഗിൾബെഞ്ച് പറയുന്നു. കേസിന് ആവശ്യമായ തെളിവുകൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഉണ്ടെങ്കിൽ ഇതു ശേഖരിക്കണം. മതിയായ വിവരങ്ങൾ ശേഖരിച്ചശേഷം അക്കൗണ്ടുകൾ വ്യക്തിക്കു തിരിച്ചു നൽകണമെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതേപോലെ പിടിച്ചെടുത്ത ലാപ്ടോപ്പ്, കമ്പ്യൂട്ടർ തുടങ്ങിയവയിൽ നിന്നുള്ള വിവരങ്ങളും ക്ളോൺ ചെയ്തെടുത്തശേഷം തിരിച്ചു നൽകാൻ പൊലീസിന് ബാദ്ധ്യതയുണ്ടെന്നും കർണാടക ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.