ബാഹ്യസൗന്ദര്യം കണ്ട് പുരുഷന്മാരെ വിലയിരുത്തുന്ന പതിവില്ല. ഇക്കാലത്ത് കാശുമുടക്കിയാൽ ആർക്കും രൂപഭംഗി മെച്ചപ്പെടുത്താം. രണ്ടാഴ്ച കൂടുമ്പോൾ പാർലർ സന്ദർശിക്കുന്നവരെ അറിയാം. ഉയരം, താടി, മീശ, മുടിയുടെ നീളം ഇതെല്ലാമാണ് പുരുഷസൗന്ദര്യത്തിന്റെ മാനദണ്ഡമെന്ന് ഒരുകാലത്തും തോന്നിയിട്ടില്ല. സ്വഭാവവൈശിഷ്ട്യം, നർമ്മബോധം, ചുറ്റുപാടുമുള്ളവരെ സമഭാവനയോടെ കാണാനുള്ള മനസ്, സ്നേഹം, ദയ, അനുതാപം ഇത്തരം ഗുണങ്ങളുള്ള പുരുഷന്മാരോട് ഇഷ്ടം തോന്നാറുണ്ട്. വീടുകളിൽ സ്ത്രീകളുടേതായ രഹസ്യലോകം നിലനിന്നൊരു കാലമുണ്ട്. സ്വകാര്യവിഷയങ്ങൾ പിതാവിനോടോ സഹോദരന്മാരോടോ പങ്കുവയ്ക്കുന്ന കാര്യം ആലോചിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ ഇന്ന് അത്തരം വേലിക്കെട്ടുകൾ മറിഞ്ഞുവീഴുകയാണ്. ആർത്തവപ്രശ്നങ്ങൾ മാത്രമല്ല മക്കളുടെ എല്ലാ രഹസ്യങ്ങളും അറിയുന്ന അച്ഛന്മാരുണ്ട്. അത് വലിയൊരു മാറ്റമാണ്. മുമ്പ് പുരുഷന്മാർക്കായിരുന്നു ലോകത്ത് മുൻതൂക്കം. എല്ലാ മേഖലയിലും പുരുഷാധിപത്യം. സമൂഹം അനുവദിച്ചുകൊടുത്ത മേൽക്കോയ്മ അവർ നന്നായി മുതലെടുക്കുകയും ചെയ്തു. എന്നാൽ സോഷ്യൽമീഡിയയും ആധുനിക സിനിമകളും മനുഷ്യരെ പൊളിച്ചെഴുതി. അതോടെ പുരുഷന്മാരുടെ ചിന്താഗതികളിലും കാലത്തിനനുസരിച്ച് മാറ്റംവന്നു. പഴയകാലത്ത് വായനാശീലമുള്ളവരെയാണ് പുരോഗമന ചിന്താഗതിക്കാരായി കണക്കാക്കിയിരുന്നത്. എന്നാൽ ഇന്ന് ആധുനികരാകാൻ വായന നിർബന്ധമല്ല. സോഷ്യൽമീഡിയ ഓരോ വ്യക്തിക്കും എഴുത്തിലേക്കും ജീവിതരീതിയിലേക്കും വഴിതുറന്നിട്ടു. അതനുസരിച്ച് ആളുകളുടെ ചിന്താലോകം വികസിച്ചു. പഴഞ്ചൻ മനസുകളിൽ വെളിച്ചംവീണു. സ്ത്രീകളോടുള്ള കാഴ്ചപ്പാടിലും പെരുമാറ്റത്തിലും മാറ്റംവന്നു. താഴ്ത്തിക്കെട്ടേണ്ടവളല്ല, ഒപ്പമുള്ളവളാണെന്ന് അംഗീകരിച്ചു. ഇതൊന്നും പോരാ. പുരുഷന്മാരുടെ മനോഭാവം ഇനിയും മാറണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. തുല്യത എന്ന സങ്കല്പം യാഥാർത്ഥ്യമാക്കുന്നതിൽ എല്ലാവർക്കും പങ്കുണ്ട്. പ്രത്യേകിച്ച് പുരുഷന്മാർക്ക്. പുരോഗമന ചിന്താഗതിക്കാരനായ അപ്പൂപ്പനാണ് ജീവിതത്തിൽ എനിക്ക് വഴികാട്ടിയത്. എന്നെ മാത്രമല്ല കുടുംബത്തെ ഒന്നടങ്കം അദ്ദേഹം കാലത്തിന് മുന്നേ കൈപിടിച്ചു നടത്തി.