കൊച്ചി:തദ്ദേശ തിരഞ്ഞെടുപ്പ് രാഷ്ട്രീയപ്പോരിൽ യു. ഡി. എഫിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി, മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എയെ പാലാരിവട്ടം ഫ്ളൈ ഓവർ അഴിമതിക്കേസിൽ ആശുപത്രി കിടക്കയിൽ നിന്ന് വിജിലൻസ് നാടകീയമായി അറസ്‌റ്റ് ചെയ്‌തു. കേസിൽ അഞ്ചാം പ്രതിയാണ്. നാലുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്‌ജി ജോബിൻ സെബാസ്‌റ്റ്യൻ ലേക്‌ഷോർ ആശുപത്രിയിൽ എത്തി ഇബ്രാഹിം കുഞ്ഞിനെ കണ്ട് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആശുപത്രിയിൽ തന്നെ തുടരും. വിജിലൻസിന്റെ നാലു ദിവസത്തെ കസ്‌റ്റഡി അപേക്ഷയും ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
കരാർ കമ്പനിക്ക് 8.25 കോടി രൂപ പലിശയില്ലാതെ മുൻകൂർ നൽകാൻ ഇബ്രാഹികുഞ്ഞ് ഉത്തരവിട്ടെന്ന പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജിന്റെ മൊഴിയെത്തുടർന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റ്.
സ്വർണക്കടത്ത്, ലൈഫ് കേസുകളിൽ ആരോപണ മുൾമുനയിൽ നിൽക്കുന്ന ഇടതുമുന്നണിയും സർക്കാരും തിരിച്ചടിച്ച് യു.ഡി.എഫിനെ കടുത്ത സമ്മർദ്ദത്തിലാക്കാനാണ് കേസിൽ പ്രതിയാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് (മാർച്ച 7ന്) ഒമ്പതു മാസം പിന്നിടുമ്പോഴുള്ള അറസ്റ്റെന്ന് വ്യക്തം. ജുവലറി നിക്ഷേപത്തട്ടിപ്പു കേസിൽ മഞ്ചേശ്വരം എം.എൽ.എ എം. സി ഖമറുദ്ദീൻ അറസ്റ്റിലായതിനു പിറകേ ഇബ്രാഹിംകുഞ്ഞും അറസ്റ്റിലായത് മുസ്ളിം ലീഗിന് കനത്ത പ്രഹരമാവുകയും ചെയ്തു.
അതേസമയം, അറസ്‌റ്റ് വിവരം ചോർന്നു കിട്ടിയതോടെ ഇബ്രാഹിംകുഞ്ഞ് ചൊവ്വാഴ്ച രാത്രി ആശുപത്രിയിൽ അഡ്മിറ്റാകുകയായിരുന്നെന്നും സൂചനയുണ്ട്. അർബുദത്തിന് ഇവിടെ ചികിത്സയിലാണ് അദ്ദേഹം.
ഇന്നലത്തെ
വിജിലൻസ് നീക്കം
രാവിലെ 8
തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പി ശ്യാംകുമാറിന്റെ സംഘം ആലുവ മണപ്പുറം റോഡിലുള്ള ഇബ്രാഹിംകുഞ്ഞിന്റെ വസതിയിൽ. ആശുപത്രിയിലാണെന്ന് ഭാര്യ അറിയിച്ചതോടെ വനിതാ പൊലീസിനെ വിളിച്ചുവരുത്തി വീട്ടിൽ പരിശോധന
10.25
ആശുപത്രിയിലെത്തിയ അന്വേഷണസംഘം മുറിയിൽ കഴിഞ്ഞിരുന്ന ഇബ്രാഹിംകുഞ്ഞിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. ചികിത്സ തുടരണമെന്ന് ഡോക്‌ടർമാർ അറിയിച്ചതോടെ നിയമോപദേശം തേടിയശേഷമായിരുന്നു വിജിലൻസിന്റെ തുടർനീക്കങ്ങൾ
വൈകിട്ട് 6.10
ഉച്ചയോടെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട് പരിശോധിച്ച ജഡ്‌ജി ജോബിൻ സെബാസ്‌റ്റ്യൻ ആശുപത്രിയിലെത്തി റിമാൻഡ് ചെയ്തു
സൂരജിന്റെ വെളിപ്പെടുത്തൽ
കരാർ കമ്പനിക്ക് പലിശയില്ലാതെ 8.25 കോടി മുൻകൂർ നൽകാൻ ഇബ്രാഹിംകുഞ്ഞ് ഉത്തരവിട്ടത് ഫയലിൽ രേഖപ്പെടുത്തി ഒപ്പിട്ടിട്ടുണ്ട്. ഏഴു ശതമാനം പലിശ ഈടാക്കാൻ നിർദ്ദേശിച്ചെങ്കിലും മന്ത്രി തള്ളി. ഈ ഫയൽ പൊതുമരാമത്ത് വകുപ്പിൽ നിന്ന് ലഭിച്ചെന്ന് വിജിലൻസ്.
കോഴയെന്ന് വിജിലൻസ്
നിർമ്മാണത്തിന് മുൻകൂർ പണം നൽകില്ലെന്ന് ടെൻഡർ സമയത്ത് വിവിധ കമ്പനികളുടെ യോഗത്തിൽ സൂരജ് പറഞ്ഞു. ഇതോടെ പലരും ഒഴിവായി. തുടർന്ന് സുമിത് ഗോയൽ എം.ഡിയായ ആർ.ഡി.എസ് പ്രൊജക്ട്സിന് കരാറും മുൻകൂറായി പണവും നൽകി. ഈ തുക കടംവീട്ടാൻ ഉപയോഗിച്ചെന്ന് സുമിത്. ഈ പണം കോഴയാണെന്ന് വിലയിരുത്തിയായിരുന്നു അന്വേഷണം
നേരത്തെ അറസ്‌റ്റിലായവർ
ടി.ഒ.സൂരജ്, സുമിത് ഗോയൽ, കിറ്റ്‌കോ മുൻ എം.ഡി. ബെന്നിപോൾ, റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് കോർപറേഷൻ അഡിഷണർ ജനറൽ മാനേജൻ എം.ഡി. തങ്കച്ചൻ
പാലം നിർമ്മാണം, പൊളിക്കൽ
. 2014 സെപ്തംബർ : നിർമ്മാണം തുടങ്ങി
. 2016 ഒക്ടോബർ 12 : ഉദ്ഘാടനം ചെയ്തു
. 2017 ജൂലായ് : പാലം പൊട്ടിപ്പൊളിഞ്ഞു
. 2019 മാർച്ച് : ഗുരുതര ബലക്ഷയമെന്ന്
മദ്രാസ് ഐ.ഐ.ടി റിപ്പോർട്ട്
. 2019 മേയ് 1 : പാലം അടച്ചു
. സെപ്തംബർ 23 : പൊളിക്കൽ ആരംഭിച്ചു