satheeshkumar

ആലുവ: ലോകമെങ്ങുമുള്ള അയ്യപ്പഭക്തന്മാർ ഭക്തിയാദരപൂർവ്വം ചൊല്ലുന്ന 'ഹരിവരാസനം' തമിഴിലേക്ക് വിവർത്തനം ചെയ്ത് 21കാരൻ താരമായി. നൂറ്റാണ്ടുകൾക്ക് മുമ്പ് സംസ്കൃതത്തിൽ എഴുതിയെന്ന് കരുതുന്ന ഹരിവരാസനം ആദ്യമായിട്ടാണ് മറ്റൊരു ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നത്. തഞ്ചാവൂർ പെരിയകോവിലിൽ കീഴ്ശാന്തിയും അവസാനവർഷ ബിരുദ വിദ്യാർത്ഥിയുമായ ജി. സതീഷ് കുമാറാണ് ഹരിവരാസനം തമിഴിലേക്ക് മൊഴിമാറ്റിയത്. ആർ.കെ. സുന്ദറിന്റെ സംഗീതത്തിൽ വീരമണി രാജുവാണ് കീർത്തനം ചൊല്ലിയത്. നിരവധി സൂപ്പർ ഹിറ്റ് അയ്യപ്പഭക്തി ഗാനങ്ങൾ പാടിയയാളാണ് വീരമണിരാജു. സംസ്കൃതം തമിഴിലേക്ക് മൊഴി മാറ്റുന്നത് ഏറെ പ്രയാസകരമാണ്. ഒരു സംസ്കൃത വാക്ക് മൊഴിമാറ്റുമ്പോൾ ഏഴ് തമിഴ് വാക്കുകൾ വേണ്ടി വരും. അതിനാൽ വളരെ ശ്രമകരമായ ദൗത്യമാണ് നിർവഹിച്ചതെന്ന് മൊഴിമാറ്റം ചെയ്ത രചയിതാവ് ജി. സതീഷ് കുമാർ 'കേരളകൗമുദി'യോട് പറഞ്ഞു. ഈ മണ്ഡലകാലം ആരംഭിക്കും മുമ്പ് ഗംഗൈ അമരന്റെയും വീരമണി രാജുവിന്റെയും സാന്നിദ്ധ്യത്തിൽ പുറത്തിറക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സതീഷ് കുമാർ പറഞ്ഞു. ശബരിമലയിൽ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് അയ്യപ്പ സ്വാമിയെ പാടി ഉറക്കുന്ന കീർത്തനമാണ് ഹരിവരാസനം. ഹരിവരാസനം പാടിത്തീരുമ്പോഴേക്കും പരികർമ്മികൾ നടയിറങ്ങും. പിന്നീട് ഒന്നൊഴിയാതെ ഓരോ നിലവിളക്കും അണയും. ഹരിവരാസനം രചനയുമായി ബന്ധപ്പെട്ട് ഇപ്പോഴും തർക്കമുണ്ട്. നൂറ്റാണ്ട് മുമ്പ് കമ്പക്കുടി കുളത്തൂർ സുന്ദരേശയ്യരാണു ഹരിവരാസനത്തിന്റെ രചയിതാവെന്നാണ് വിശ്വാസം. അതേസമയം ആലപ്പുഴ പുറക്കാട്ടെ കോന്നക്കകത്ത് ജാനകിയമ്മയാണ് ഹരിവരാസനം രചിച്ചതെന്ന വാദവുമായി 2007ൽ അവരുടെ ചെറുമകൻ രംഗത്തെത്തിയിരുന്നു. തമിഴിലേക്ക് മൊഴിമാറ്റിയ ഹരാവരാസനം യു ട്യൂബിൽ ഇതിനകം ഹിറ്റായിട്ടുണ്ട്. അയ്യപ്പഭക്തനായ സതീഷ് കുമാർ അഖിലഭാരതീയ അയ്യപ്പധർമ്മ പ്രചാരസഭ തഞ്ചാവൂർ ചാപ്റ്റർ ഭാരവാഹി കൂടിയാണ്.