കോലഞ്ചേരി: പാർട്ടിയും, മുന്നണിയും ഏതുമാകട്ടെ, വോട്ടു ചോദിക്കുന്നത് ഒരാളാണ്. കൊവിഡിനിടയിലെ തിരഞ്ഞെടുപ്പ് കാലത്ത് വിവിധ മുന്നണികൾക്കായി ഈ ശബ്ദം നവ മാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ആരെയും ആകർഷിക്കുന്ന ശബ്ദത്തിന്റെ ഉടമ ജയൻ.എൻ ശങ്കരനെന്ന കാലടി സ്വദേശിയാണ്. ഈ ശബ്ദ സൗകുമാര്യത്തിന് മൂന്നു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്.ഒമ്പതാം ക്ളാസിൽ പഠിക്കുമ്പോഴാണ് ഈ രംഗത്തേയ്ക്ക് കടന്നു വന്നത്. അമേച്ച്വർ, പ്രൊഫഷണൽ നാടകകങ്ങളിലെ നിറ സാന്നിദ്ധ്യമായിരുന്ന ജയൻ നാടക വേദികളിലെ അനൗൺസ്മെന്റുകളിൽ നിന്നാണ് തന്റെ ശബ്ദ ഗാംഭീര്യം തിരിച്ചറിഞ്ഞത്. നാടകത്തിന്റെ ഇതിവൃത്തം ചുരുങ്ങിയ വാക്കുകളിൽ അവതരിപ്പിച്ചാണ് അന്ന് നിരവധി വേദികളിൽ കൈയ്യടി വാങ്ങിയിരുന്നത്. നാടക രചനയിലും ഒരു കൈ പയറ്റിയിട്ടുള്ളതിനാൽ സ്വന്തമായി തയ്യാറാക്കുന്ന കാച്ചി കുറുക്കിയ മൂർച്ഛയുള്ള വാക്കുകളിലൂടെ എതിരാളികൾക്ക് കുറിക്കു കൊള്ളും വിധം ആനുകാലീക രാഷ്ട്രീയ സംഭവങ്ങളെ അവതരിപ്പിക്കുന്ന മിടുക്കാണ് ഈ രംഗത്ത് ജയനെ തേടി അന്യ ജില്ലകളിൽ നിന്നു പോലും സ്ഥാനാത്ഥികളെത്തുന്നതിന് കാരണം.
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ നടക്കുന്ന ശ്രീ നാരായണ ഗുരു ജയന്തി ദിനാഘോഷ വേദികൾക്കു വേണ്ടി ഗുരു ചരിത്രം റെക്കോഡു ചെയ്തു നല്കുന്നതും,ശിവഗിരി തീർത്ഥാടന പദയാത്രകളിലെ പൈലറ്റ് വാഹനത്തിൽ നിന്നുമുയരുന്ന ശബ്ദവും ജയന്റേതു തന്നെ. കൊവിഡ് കാലത്തനുഭവിച്ച കഷ്ടപ്പാടുകൾ ഓർമ്മയിലിരിക്കെ തിരഞ്ഞെടുപ്പിനായി നടത്തുന്ന മുഴുവൻ റെക്കോഡിംഗുകൾക്കിടയിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും, അനുസരിച്ചും വേണം വോട്ടു ചെയ്യാനെത്തേണ്ടതെന്ന് ഓർമ്മിപ്പിക്കാനും മറക്കുന്നില്ല. ജില്ലയിൽ നടക്കുന്ന എസ്.എൻ.ഡി.പി യുമായി ബന്ധപ്പെട്ട ഒട്ടു മിക്ക പരിപാടികളിലും അവതാരക വേഷം തന്റെതാകുന്നത് ഗുരു നിയോഗമാണെന്നാണ് ശ്രീ നാരായണ ഭക്തനായ ജയന്റെ പക്ഷം. കാലടി ശാഖാ പ്രസിഡന്റും, കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയൻ മുൻ കൗൺസിലറുമായിരുന്നു. വിജിയാണ് ഭാര്യ, ജെവീൺ, ജെനിൻ എന്നിവർ മക്കളും.
നവ മാദ്ധ്യമങ്ങൾ കീഴടക്കിയ ശബ്ദം
ഇക്കുറി തിരഞ്ഞെടുപ്പിൽ നവ മാദ്ധ്യമ പ്രചാരണത്തിനുള്ള സ്റ്റാറ്റസ് അനൗൺസ്മെന്റുകൾ, വീഡിയോകൾ, ലൈവ് വീഡിയോക്കുള്ള ശബ്ദം, വാഹന അനൗൺസ്മെന്റിന്റെ ഫേസ് ബുക്ക്, വാട്സാപ്പ് പതിപ്പുകൾ, സ്ഥാനാർത്ഥിയുടെ വികസനം വാക്കുകളിലാക്കിയുള്ള അവതരണം, വാഹന അനൗൺസ്മെന്റുകൾക്കായി സി.ഡി, തുടങ്ങി മൊബൈൽ റിങ്ങ് ടോണിന് വരെ ജയൻ ശബ്ദം നല്കും. സ്വന്തമായി പാട്ടെഴുതി റെക്കോഡ് ചെയ്തും നല്കും.