കൊച്ചി : പിതൃസഹോദരിയുടെ മകൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിൽ അവയവ മാഫിയയ്‌ക്ക് ബന്ധമുണ്ടെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും കാട്ടി ചലച്ചിത്ര സംവിധായകൻ സനൽകുമാർ ശശിധരൻ നൽകിയ ഹർജിയിൽ, മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടിനോടു നിർദ്ദേശിച്ചെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
സർക്കാരിന്റെ വിശദീകരണം രേഖപ്പെടുത്തിയ സിംഗിൾബെഞ്ച് പോസ്റ്റ്മോർട്ടം വീഡിയോയിൽ പകർത്താനും നിർദ്ദേശിച്ചു. ഹർജി പിന്നീടു പരിഗണിക്കാൻ മാറ്റി.
നവംബർ ഏഴിനാണ് സനൽകുമാറിന്റെ പിതൃസഹോദരിയുടെ മകൾ സന്ധ്യ (40) മരിച്ചത്. കൊവിഡ് ചികിത്സയിലായിരുന്ന സന്ധ്യ നെഗറ്റീവായതോടെ വീട്ടിൽ മടങ്ങിയെത്തി തൊട്ടടുത്ത ദിവസം കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. നെറ്റിയിലും കഴുത്തിലും പാടുകൾ കണ്ടതിനാൽ പോസ്റ്റ്‌മോർട്ടം ആവശ്യപ്പെട്ടു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റി. അവിടത്തെ പരിശോധനയിൽ കൊവിഡ് പോസിറ്റീവാണെന്നു കണ്ടെത്തി.
നവംബർ പത്തിന് പോസ്റ്റ്‌മോർട്ടം നടത്തിയ മെഡിക്കൽ കോളേജ് അധികൃതർ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം സംസ്‌കരിക്കാൻ നെയ്യാറ്റിൻകര നഗരസഭ അധികൃതരെ അറിയിക്കാൻ നിർദ്ദേശിച്ചു. നഗരസഭാ അധികൃതർ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തേടിയെങ്കിലും നൽകാത്തതിനെത്തുടർന്ന് മടങ്ങി. പോസ്റ്റ്‌മോർട്ടം നടത്തിയിട്ടില്ലെന്നാണ് സനൽകുമാറിന്റെ ആരോപണം.
2018ൽ എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ സന്ധ്യ കരൾ ദാനം ചെയ്തതായി അറിഞ്ഞെന്നും ചെറുപ്പം മുതൽ ഹൃദയത്തിനു വൃക്കയ്ക്കും തകരാറുള്ള സന്ധ്യ എങ്ങനെ കരൾദാനം ചെയ്തുവെന്നത് അന്വേഷിക്കണമെന്നും ഹർജിയിൽ പറയുന്നു. അവയവമാഫിയയും ആശുപത്രി അധികൃതരും ചേർന്ന് കബളിപ്പിച്ചതാണോയെന്നും അവയവദാനമാണോ പെട്ടെന്നുള്ള മരണത്തിനു കാരണമെന്നു കണ്ടെത്തണമെന്നും ഹർജിയിൽ പറയുന്നു. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. ഡി.ജി.പി പരാതി തിരുവനന്തപുരം റൂറൽ എസ്.പിക്കു കൈമാറിയതനുസരിച്ച് നെയ്യാറ്റിൻകര പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം ഫലപ്രദമല്ലാത്തതിനാൽ സി.ബി.ഐ അന്വേഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.