കളമശേരി: തിരഞ്ഞെടുപ്പിന് കളമൊരുറങ്ങിയതോടെ ചുമരെഴുത്തുകാരെ തപ്പി നടക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. ചോദിക്കുന്ന പണം നൽകിയാണ് ഓരോരുത്തരേയും ഇവർ കൊത്തിക്കൊണ്ട് പോകുന്നത്. എന്നാൽ പതിറ്റാണ്ടുകളായി ബി.ജെ.പിക്ക് മാത്രം ചുമരെഴുതുന്ന ഒരാളുണ്ട് കളമശേരിയിൽ. കെ.എം കേളപ്പൻ. കഴുത്തറപ്പൻ കൂലിയൊന്നുമില്ല. നൽകുന്നത് വാങ്ങും. പാട്ടിയോടുള്ള താത്പര്യമാണ് ഇതിന് പിന്നിൽ. ലക്ഷങ്ങൾ തന്നാലും മറ്റ് സ്ഥാനാർത്ഥികൾക്ക് ചുമരെഴുത്താൻ പോകില്ലെന്നതാണ് ലൈൻ !
അതിന് അടിവരയിടുന്നതാണ് സഹോദരൻ സ്ഥാനാർത്ഥിയായിട്ടും എതിർ സ്ഥാനാർത്ഥിക്കായി ചുമരെഴുതിയത്.
പതിനാലാം വയസിലാണ് കേളപ്പൻ ചുമരെഴുത്ത് തുടറങ്ങുന്നത്. അതും ജനസംഘത്തിന് വേണ്ടി. പിന്നീട് ഓരോ തിരഞ്ഞെടുപ്പിലും കേളപ്പൻ കളമശേരിയിലെ ബി.ജെ.പി സ്ഥാനാർത്ഥികൾക്കായി ചുമരെഴുതി. ജീവിതത്തിൽ ഒരു തവണ മാത്രമേ കേളപ്പന്റെ ബ്രഷിൽ മറ്റൊരു സ്ഥാനാർത്ഥിക്കായി മഷിപുരണ്ടത്. അത് ഒരു സ്വതന്ത്രന് വേണ്ടിയായിരുന്നു. അറുപത്തിനാല് പിന്നിടുമ്പോഴും മേഖലയിൽ രാപകലില്ലാതെ ചുമരെഴുതുന്ന തിരക്കിലാണ് കേളപ്പൻ.