drshamseer
ഡോ. ഷംഷീർ വയലിൽ

കൊച്ചി: ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ നിക്ഷേപങ്ങൾ നടത്തുന്ന യു.എ.ഇയിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയായ അമാനത്ത് ഹോൾഡിംഗ്‌സിന്റെ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ഡോ. ഷംഷീർ വയലിലിനെ വീണ്ടും തിരഞ്ഞെടുത്തു. യു.എ.ഇയിലെ പ്രമുഖ ആരോഗ്യസേവനദാതാവായ വി.പി.എസ് ഹെൽത്ത്‌കെയറിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് മലയാളിയായ ഡോ. ഷംഷീർ വയലിൽ.

അമാനത്ത് ഹോൾഡിംഗ്‌സ് വൈസ് ചെയർമാനായി 2017 ലാണ് ഡോ. ഷംഷീർ വയലിൽ ആദ്യം നിയമിതനായത്. ദുബായ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനിയെ അഭിവൃദ്ധിയിലേക്ക് നയിക്കുന്ന നിരവധി പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.

കൃത്യമായ അവസരങ്ങൾ കണ്ടെത്തി തന്ത്രപരമായ നിക്ഷേപങ്ങൾ നടത്തുകയാണ് അമാനത്തിന്റെ പ്രവർത്തനം. സൗദിയിലെ 300 കിടക്കകളുള്ള ഇന്റർനാഷണൽ മെഡിക്കൽ സെന്റർ, അടിയന്തര സേവനദാതാക്കളായ സുഖൂൻ, ബഹ്‌റൈനിലെ റോയൽ ഹോസ്പിറ്റൽ ഫോർ വുമൺ ആൻഡ് ചിൽഡ്രൻ എന്നിവ അമാനത്തിന് കീഴിലാണ്.

താലീം, അബുദാബി യൂണിവേഴ്‌സിറ്റി, ദുബായിലെ മിഡിൽസെക്‌സ് യൂണിവേഴ്‌സിറ്റി എന്നിവയിലും നിക്ഷേപമുണ്ട്. ദുബായിലെ നോർത്ത് ലണ്ടൻ കോളേജിയേറ്റ് സ്‌കൂളിന്റെ റിയൽ എസ്റ്റേറ്റ് ആസ്തികളുടെ ഉടമസ്ഥാവകാശവും അമാനത്തിനാണ്.

ജി.സി.സി രാജ്യങ്ങളിലും ഇന്ത്യയിലും ആരോഗ്യസേവന രംഗത്ത് സ്ഥാപനങ്ങളുള്ള വി.പി.എസ് ഹെൽത്ത്‌കെയർ ഡോ. ഷംഷീർ വയലിൽ 2007ലാണ് സ്ഥാപിച്ചത്.