'സ് ത്രീയെ കാണുന്നതു തന്നെ ഒരുതരം ഭയമാണ്. ഒരു സ്ത്രീയുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നതോടെ എന്റെ ഗതി മാറുന്നു. ജിന്നുകളെപ്പോലെ എന്റെ പാദങ്ങൾ അടി പതറുകയും അതു പിന്നോട്ടേക്ക് ചവിട്ടിത്തുടങ്ങുകയും ചെയ്യുന്നു. ഒരുപക്ഷേ ഇതെല്ലാം എന്റെ തോന്നലായിരിക്കാം. എന്നാൽ എല്ലാം സത്യമാണ് താനും" പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ നായകനാണ് ഈ പ്രശ്നം. ആധുനിക സമൂഹത്തിൽ സ്ത്രീകളും ട്രാൻസ് ജൻഡറുകളും നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് കേൾക്കുമ്പോൾ ഈ കഥ എനിക്കോർമ്മ വരും. സ്ത്രീ കൂടുതൽ സ്വതന്ത്രയാകുമ്പോഴും മൗലികമായ സത്യം അവൾ മറകൂടാതെ വിളിച്ചു പറയുമ്പോഴും സമൂഹത്തിൽ ഈ ഭീതി ഏറുകയാണ്. എല്ലാത്തരം അതിക്രമങ്ങളുടെയും മൂലകാരണം പെണ്ണിന്റെ ആന്തരികോർജത്തെ നേരിടാനുള്ള ഭീതി തന്നെയാണെന്ന് പറയേണ്ടിവരും.
ശാരീരിക ബലവും അധിക്ഷേപവാക്കുകളും കൊണ്ട് സ്ത്രീയെ അമർച്ച ചെയ്യാൻ ശ്രമിക്കുന്ന ഏതു പുരുഷനും ആന്തരികബലവും ആത്മവിശ്വാസവും കുറഞ്ഞ ഭീരുവായിരിക്കും. ആത്മവിശ്വാസവും സ്വയം ബഹുമാനവുമുള്ള പുരുഷന്മാർ സ്ത്രീകൾക്കും അത് നൽകും. അസാധാരണമായ ഉയരവും തലയെടുപ്പും പ്രതിഭയും സൗന്ദര്യത്തികവുമുണ്ടായിരുന്ന അന്നാ അഖ് മതോവയെ കുറിച്ച് ജോസഫ് ബ്രോഡ്സ്കി ഒരിക്കൽ പറഞ്ഞത്, അന്നയുടെ കൂടെ നടക്കുമ്പോൾ അപകർഷത തോന്നാതിരിക്കാനായി താൻ അല്പം വലിഞ്ഞ് ഉയർന്നു നടക്കുമായിരുന്നു എന്നാണ്. ബുദ്ധിയുള്ള പുരുഷൻ അവളേക്കാൾ ഉയരാനാണ് ശ്രമിക്കുക, ചവിട്ടിത്താഴ്ത്താനല്ല.
നിശ്ചയദാർഢ്യവും ചിന്താശക്തിയും ഏറി വരുന്ന സ്ത്രീകളുടെ എല്ലാത്തരം ഇടപെടലുകളെയും സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഭീരുക്കളായ ആണുങ്ങൾ നേരിടുന്ന വിധം ശ്രദ്ധിച്ചാൽ ഈ അപകർഷതാ ബോധത്തിന്റെയും ഭയത്തിന്റെയും ശക്തി മനസിലാകും. പല പാർശ്വവത്കൃത സമൂഹങ്ങളും വളരുകയാണെന്ന് അംഗീകരിച്ചു കൊണ്ട് പരസ്പരം ശക്തി പകരുന്ന, ആശ്വാസവും ആനന്ദവും പകരുന്ന ബന്ധങ്ങൾ വളർത്തിയെടുത്തു കൊണ്ടല്ലാതെ ആധുനികകാലത്ത് പൊതുജീവിതം സാദ്ധ്യമല്ല. ആണും പെണ്ണും ട്രാൻസ് ജെൻഡറും പരസ്പരാദരവോടെ നോക്കുകയും കാണുകയും ചെയ്യുന്ന ഒരു സമൂഹത്തെ മാത്രമേ പരിഷ്കൃത സമൂഹമെന്നു വിളിക്കാൻ കഴിയൂ. പൊതു ഇടങ്ങളിലെല്ലാം പരസ്പരം യുദ്ധം ചെയ്യേണ്ടവരെന്ന മട്ടിലോ ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ ഭയന്നിട്ടെന്നതു പോലെ സങ്കോചങ്ങളോടെയോ ഇടപെടേണ്ടി വരുന്ന സമൂഹത്തെ നമുക്കെങ്ങനെ പരിഷ്കൃത സമൂഹമെന്നു വിളിക്കാനാകും? സഹജീവിയുടെ അധികാരത്തെയും സ്വാതന്ത്ര്യത്തെയും ഔചിത്യത്തോടെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യാനുള്ള പരിശീലനമാണ് ലിംഗഭേദമില്ലാതെ പകർന്നു കൊടുക്കപ്പെടേണ്ടത്. ഉറൂബിന്റെ ഉമ്മാച്ചു ചോദിച്ചതു പോലെ 'ഒരേ വൃക്ഷത്തിന്റെ രണ്ടു ചിനച്ചമല്ലേ നമ്മൾ? തടി മരത്തിന് രണ്ടും ഒരുപോലെയല്ലേ?".