jawan

കോലഞ്ചേരി: ജവാൻ 'വാട്ടർസല്ല്യൂട്ടിന്' കുറച്ചു നാൾ കാത്തിരിക്കണം! ജനപ്രിയ മദ്യമായ ജവാന്റെ വില്പന തല്ക്കാലികമായി ബീവറേജസ് കോർപ്പറേഷൻ നിർത്തി. ജൂലൈ 20 ന് നിർമ്മിച്ച് വിതരണം ചെയ്ത മദ്യത്തിന്റെ ബാച്ച് നമ്പർ 245,246, 247 എന്നിവയുടെ വില്പനയാണ് അടിയന്തരമായി നിർത്തണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത്. പരിശോധനയിൽ സെഡിമെന്റ്‌സ് (കുപ്പിക്കുള്ളിൽ പാടയോ, പൊടിയോ, കലക്കലായി) അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ രാസ പരിശോധനയിലാണ് പാന യോഗ്യമല്ലെന്ന് വിലയിരുത്തിയത്. യഥാക്രമം 39.09, 38.31, 39.14% വി.വി മാത്രമാണ് മദ്യത്തിലുള്ള സ്പിരിറ്റിന്റെ അംശം. ഇതോടെയാണ് വില്പന മരവിപ്പിച്ചത്. കേരള സർക്കാരിന് കീഴിലെ ട്രാവൻകൂർ ഷുഗേർസ് ആൻഡ് കെമിക്കൽസ് ലിമി​റ്റഡാണ് ജവാൻ റമ്മിന്റെ നിർമാതാക്കൾ. ഇതുസംബന്ധിച്ച് എല്ലാ ഡിവിഷനുകളിലെയും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർമാർക്ക് എക്‌സൈസ് കമ്മിഷണർ അറിയിപ്പ് നൽകി കഴിഞ്ഞു.കുപ്പിയിൽ കലക്കൽ പോലെ കണ്ട ചിലരാണ് പരാതി നല്കിയത്. 42.18 ശതമാനം ഈതൈൽ ആൽക്കഹോളാണ് മദ്യത്തിൽ വേണ്ടത്. മദ്യം വെയർ ഹൗസ് ഗോഡൗണുകളിൽ ഇറക്കുന്നതിന് മുമ്പായി രാസ പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇതിൽ നിന്നും വ്യത്യസ്തമായ റിപ്പോർട്ട് പരിശോധനയിൽ ലഭിച്ചതാണ് തല്ക്കാലീകമായി വില്പന തടയാനിതാണ് കാരണം. ഗോഡൗണുകളിൽ സ്റ്റോക്കുള്ള മദ്യം നിലവിൽ ഫ്രീസ് ചെയ്ത് സൂക്ഷിക്കും. അടുത്ത ബാച്ച് നിർമ്മിച്ച് വെയർഹൗസുകളിലെത്തിച്ച് റീട്ടെയിൽ ഷോപ്പുകൾക്ക് നല്കി വില്പന പുനരാരംഭിക്കും.