palarivattam

കൊച്ചി: പാലാരിവട്ടം ഫ്ലൈഓവർ 80 ശതമാനം പൊളിച്ചു കഴിഞ്ഞപ്പോൾ തന്നെ 30 ശതമാനം പുനർനിർമ്മാണവും പൂർത്തിയായി. എട്ടു മാസം കൊണ്ട് പുതിക്കിപ്പണിയുകയാണ് ഡൽഹി മെട്രോ റെയിൽ കോർപറേഷന്റെ ലക്ഷ്യം.

പാലം പൊളിച്ചുപണി ആരംഭിച്ചിട്ട് ഇന്നലെ 45 ദിവസം പിന്നിട്ടു. 24 മണിക്കൂറും പണികൾ നടക്കുന്നു. 200 തൊഴിലാളികളാണ് ഒരേസമയം ജോലി ചെയ്യുന്നത്. ഉൗരാളുങ്കർ ലേബർ കോൺട്രാക്ട് സഹകരണ സംഘമാണ് കരാറുകാർ.

17 സ്പാനുകളിൽ പതിമൂന്നും പൊളിച്ചുനീക്കി. തൂണുകൾക്ക് മുകളിലെ രണ്ടു പിയർ ക്യാപ്പുകൾ പൊളിച്ച് പുതിയത് പണിതു. ഒരെണ്ണത്തിന്റെ ജോലി തുടരുന്നു. ആറു പിയർ ക്യാപ്പുകളാണ് പൊളിച്ചുപണിയുന്നത്. 102 ഗർഡറുകളുടെ നിർമ്മാണം കളമശേരിയിലെ മെട്രോ യാർഡിൽ നടക്കുകയാണ്. മുപ്പതെണ്ണം പൂർത്തിയായി.

നിശ്ചയിച്ച വേഗതയിൽ തന്നെ പണികൾ തുടരുകയാണെന്ന് ഡി.എം.ആർ.സി ചീഫ് എൻജിനീയർ കേശവ്ചന്ദ്രൻ പറഞ്ഞു.

 ദിവസവും വിലയിരുത്തി ഇ. ശ്രീധരൻ

ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ ദിവസവും വീഡിയോ കോൺഫറൻസ് വഴി നിർമ്മാണം വിലയിരുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം നേരിട്ടെത്തി പ്രവർത്തനങ്ങൾ നിരീക്ഷിച്ചിരുന്നു.