കൊച്ചി : സ്വാഭാവിക റബറിനെ കാർഷികോല്പന്നങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി ഉചിതമായ താങ്ങു വില പ്രഖ്യാപിക്കണമെന്ന റബർ ബോർഡിന്റെ ശുപാർശ വീണ്ടും പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോടു നിർദേശിക്കണമെന്നാവശ്യപ്പെട്ട് ഇൻഫാമിന്റെ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടിയിൽ ഹൈക്കോടതിയിൽ ഉപഹർജി നൽകി. റബറിന് ഉചിതമായ താങ്ങു വില പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് കെ.എ. ജോസഫ്, ജനറൽ സെക്രട്ടറി ബിജു. പി. തോമസ് തുടങ്ങിയവർക്കൊപ്പം ഫാ. ജോസഫ് നൽകിയ ഹർജി സിംഗിൾ ബെഞ്ചിന്റെ പരിഗണനയിലുണ്ട്. ഇതിലാണ് ഉപഹർജി.
നവംബർ 30 ന് ഹർജികൾ ഹൈക്കോടതി പരിഗണിക്കും. നേരത്തെ റബർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ രൂപം നൽകിയ ടാസ്ക് ഫോഴ്സും സ്വാഭാവിക റബറിനെ കാർഷികോല്പന്നമായി വിലയിരുത്തി താങ്ങുവില നിശ്ചയിക്കണമെന്ന് നിർദേശിച്ചിരുന്നു. ഇൗ നിർദേശം കേന്ദ്ര വാണിജ്യ മന്ത്രാലയം കൃഷി മന്ത്രാലയത്തിന് കൈമാറിയെങ്കിലും കാർഷികോല്പന്നങ്ങളുടെ മാനദണ്ഡങ്ങൾ സ്വാഭാവിക റബറിന് ബാധകമാവില്ലെന്നായിരുന്നു മറുപടി. ഇതിനിടെയാണ് റബർ ബോർഡും ഇതേയാവശ്യം ഉന്നയിച്ചത്. സ്വഭാവിക റബർ ഒരു കിലോയ്ക്ക് 184.28 രൂപയാണ് ഉല്പാദനച്ചെലവ്. മുഖ്യ വിളകളുടെ താങ്ങുവില 1.5 ഇരട്ടി വർദ്ധിപ്പിക്കണമെന്ന സ്വാമിനാഥൻ കമ്മിഷന്റെ ശുപാർശ മിക്ക വിളകൾക്കും കേന്ദ്ര സർക്കാർ ബാധകമാക്കിയിട്ടുണ്ട്. കാർഷികോല്പന്നങ്ങളുടെ മാനദണ്ഡങ്ങൾ ബാധകമാവാത്ത പരുത്തി, ചണം, പുകയില തുടങ്ങിയവയ്ക്കു വരെ ഇതു ബാധകമാക്കി. ഈ സാഹചര്യത്തിൽ സ്വാഭാവിക റബറിനെക്കൂടി പരിഗണിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.