biju

കൊച്ചി : ബാർ കോഴയിൽ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ചാലക്കുടി സ്വദേശി പി. ഐ. ജോസഫ് നൽകിയ ഹർജി പൊതുതാത്പര്യ സ്വഭാവത്തിലുള്ളതാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. സമാനമായ പരാതി വിജിലൻസിനു മുന്നിലുണ്ടെന്ന് സർക്കാരും കോടതിയിൽ ബോധിപ്പിച്ചു. ഹർജിക്കാരൻ സമയം തേടിയതിനെത്തുടർന്ന് സിംഗിൾ ബെഞ്ച് ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.

പൂട്ടിയ ബാറുകൾ തുറക്കാൻ മുൻ ധനമന്ത്രി കെ.എം. മാണിക്ക് ഒരുകോടി രൂപ കോഴ നൽകിയെന്നതാണ് ബാർ കോഴക്കേസ്. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രിയായിരുന്ന വി.എസ്. ശിവകുമാർ തുടങ്ങിയവർക്കും പണം നൽകിയെന്നാണ് ഒക്ടോബർ 18,19,20 തീയതികളിൽ ബിജു രമേശ് ആരോപിച്ചത്. ആരോപണ വിധേയർ പ്രമുഖരായതിനാൽ പൊലീസ് ഉൾപ്പെടെയുള്ള ഏജൻസികളുടെ അന്വേഷണം ഫലപ്രദമാവില്ലെന്ന് കാട്ടിയാണ് ഹർജിക്കാരൻ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. എന്നാൽ പൊതുതാത്പര്യ സ്വഭാവമുള്ള ഹർജി ഉചിതമായ ബെഞ്ചിലാണ് പരിഗണിക്കേണ്ടതെന്ന് സിംഗിൾബെഞ്ച് പറഞ്ഞു.