keraa

കൊച്ചി: സഹകരണ വകുപ്പിൽ ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ തസ്തികയിലേക്ക് പി.എസ്.സി തയാറാക്കുന്ന മുഖ്യപട്ടികയിൽ 400 പേരെ മാത്രം ഉൾപ്പെടുത്തുന്നതിൽ പ്രതിഷേധം. പിൻവാതിൽ നിയമനത്തിനും അഴിമതിക്കും കളമൊരുക്കാനാണ് എണ്ണം കുറയ്ക്കുന്നതെന്ന് ഉദ്യോഗാർത്ഥികൾ ആരോപിച്ചു. കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് സഹകരണ വകുപ്പിൽ ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ തസ്തികയിലേക്ക് പരീക്ഷ നടന്നത്. റാങ്ക് പട്ടികയിൽ ഇടം നേടിയ ഉദ്യോഗാർത്ഥികൾ ആശങ്കയിലാണ്. 2015 ആഗസ്റ്റ് 17 ന് നിലവിൽവന്ന മുൻ ലിസ്റ്റിൽ മുഖ്യപട്ടികയിൽ 992 പേരുണ്ടായിരുന്നു. ഉപപട്ടികയിയിൽ 2000 പേരും. 935 പേർക്ക് നിയമനവും ലഭിച്ചു. പുതിയ പട്ടികയിൽ മുമ്പ് നിയമനം ലഭിച്ചവരുടെ പകുതിയിൽ താഴെപ്പേർ മാത്രമാണ് ഉൾപ്പെടുന്നത്. മുൻ പട്ടികയുടെ കാലാവധി 2018 ആഗസ്റ്റ് 16 ന് അവസാനിച്ചിരുന്നു. അതിനുശേഷം 109 ഒഴിവുകൾ പി.എസ്.സിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നൂറുകണക്കിന് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനുണ്ടെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.

ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ തസ്തികയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ച് അഭിമുഖം നടത്തി അന്തിമപട്ടിക പ്രസിദ്ധീകരിച്ച് ഈവർഷം തന്നെ നിയമനം ആരംഭിക്കാൻ കഴിയും. നിലവിലെ ഒഴിവുകളിലും മൂന്നു വർഷത്തിനിടെയുണ്ടാകുന്ന ഒഴിവുകളിലും നിരവധി പേർക്ക് നിയമനം ലഭിക്കും. 400 പേരെ മുഖ്യപട്ടികയിൽ ഉൾപ്പെടുത്തിയാൽ ഒരു വർഷം കൊണ്ട് നിയമനം അവസാനിക്കുന്ന സ്ഥിതിയുണ്ടാകും.റിപ്പോർട്ട് ചെയ്ത ഒഴിവുകളും റിപ്പോർട്ട് ചെയ്യാനുള്ള ഒഴിവുകൾക്കും പുറമേ വിരമിക്കൽ, സ്ഥാനക്കയറ്റം എന്നിവയിലൂടെയും നിയമനം ലഭിക്കുമെന്ന് വിവരാവകാശ നിയമ പ്രകാരം ഉദ്യോഗാർത്ഥികൾ ശേഖരിച്ച വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. മുൻ പട്ടികയിൽ നിന്ന് 992 നിയമനം നടന്ന സാഹചര്യത്തിൽ പുതിയ പട്ടികയിൽ നിന്ന് മൂന്നു വർഷത്തിനകം 900 നിയമനങ്ങളെങ്കിലും നടത്തേണ്ടി വരും.

ഫെബ്രുവരി ഒന്നിന് നടത്തിയ ജൂനിയർ കോ ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ തസ്തികയിലെ പരീക്ഷ മറ്റു അഞ്ച് തസ്തികകൾക്കും വേണ്ടിയുള്ള പൊതുപരീക്ഷ ആയിരുന്നു. അഞ്ച് തസ്തികളുടെ റാങ്ക് പട്ടികയിൽ ഉൾപ്പെടുന്നവർ ഇതിലെയും മുഖ്യപട്ടികയിൽ ഉൾപ്പെടും. അതിനാൽ ധാരാളം എൻ.ജെ.ഡി ഒഴിവുകളും ഉണ്ടാകും. റാങ്ക് പട്ടികയിൽ ഇടം നേടുന്നവർ പലരും പി.എസ്.സി പരീക്ഷ എഴുതാവുന്ന പ്രായപരിധി കഴിഞ്ഞവരാണ്. സഹകരണ ബിരുദധാരികൾക്ക് സർക്കാർ സർവീസിലേക്ക് അപേക്ഷിക്കാൻ കഴിയുന്ന തസ്തികകളും കുറവാണ്.റാങ്ക് പട്ടികയിൽ ഉദ്യോഗാർത്ഥികളെ കുറച്ചാൽ ഭാവിയിലെ ഒഴിവുകളിൽ താത്ക്കാലിക ജീവനക്കാരെ തിരുകികയറ്റാനും ഇഷ്ടക്കാർക്ക് നിയമനം നൽകാനുമുള്ള ഒത്തുകളിയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഇതിനെതിരെ ഉദ്യോഗാർത്ഥികൾ മുഖ്യമന്ത്രിക്കും പി.എസ്.സിക്കും പരാതി നൽകിയിട്ടുണ്ട്.