pt

കൊച്ചി: പാലാരിവട്ടം ഫ്ളൈ ഓവറിന്റെ നിർമ്മാണത്തിൽ ക്രമക്കേട് നടന്നെങ്കിൽ അതേകമ്പനിക്ക് എൽ.ഡി.എഫ് സർക്കാർ 620 കോടി രൂപയുടെ കരാർ നൽകിയത് എന്തിനെന്ന് വിശദീകരിക്കണമെന്ന് പി.ടി. തോമസ് എം.എൽ.എ ആവശ്യപ്പെട്ടു. പാലാരിവട്ടത്തെ നിർമ്മാണത്തിൽ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയ ശേഷവും പാലം നിർമ്മിച്ച കമ്പനിക്ക് സർക്കാർ മൂന്ന് സുപ്രധാന കരാറുകൾ നൽകിയത് വിചിത്രമാണ്. പുനലൂർ- കോന്നി ഹൈവേ (300 കോടി), കാസർകോട് കെ.എസ്.ടി.പി പദ്ധതി (200 കോടി), കണ്ണൂർ കെ.എസ്.ടി.പി പദ്ധതി (120 കോടി) എന്നിവയാണ് കരാറുകൾ.

മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കണം. അഴിമതി ആരുചെയ്താലും ന്യായീകരിക്കില്ല. കുറ്റക്കാരനാണോ അല്ലയോ എന്നൊക്കെ കോടതി തീരുമാനിക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജിലൻസ് രാഷ്ട്രീയം കളിക്കേണ്ട. അതിന് ഇടതുപക്ഷത്തും വലതുപക്ഷത്തും രാഷ്ട്രീയ പാർട്ടികളുണ്ട്.

സിമന്റും മണലും ചേർത്ത് പാലം പണിയുന്നത് മന്ത്രിയല്ല. അവിടെ കുഴപ്പം സംഭവിച്ചിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥരും കരാറുകാരുമാണ് ഉത്തരം പറയേണ്ടത്. നിർമ്മാണത്തിൽ ക്രമക്കേടുണ്ടെങ്കിൽ കരാറുകാരൻ ഉത്തരവാദിയുമാണ്. കിഫ്ബി പദ്ധതികളിലെല്ലാം സ്വപ്ന സുരേഷിന്റെയും ശിവശങ്കറിന്റെയും ഇടപെടലുകൾ സംശയിക്കുന്നതായും പി.ടി. തോമസ് ആരോപിച്ചു.