sreejith-unnikrishnan-
ശ്രീജിത് ഉണ്ണികൃഷ്ണൻ

പറവൂർ: നാടിനെ മുക്കിയ പ്രളയകാലത്ത് നാട്ടുകാരെ രക്ഷിക്കാനിറങ്ങിയ ചെറുപ്പക്കാരെക്കുറിച്ചുള്ള പ്രശസ്തമായ പാട്ടുണ്ട് 'ചങ്കുംകൊണ്ട് ചങ്ങാടങ്ങളുണ്ടാക്കീട്ട് വന്നത് പിള്ളേരാണ് പിള്ളേരാണ് പിള്ളേരാണ് പിള്ളേർ' അങ്ങനെ മലവെള്ളപ്പാച്ചിലിൽ ചങ്കുകൊടുത്ത് രക്ഷാപ്രവർത്തിന് ഇറങ്ങിയ ഈപിള്ളേർ തിരഞ്ഞെടുപ്പിൽ അവരുടെ പ്രതിനിധിയാകാനുള്ള ജനഹിതംതേടി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയിരിക്കുന്നു. പുത്തൻവേലിക്കര ഗ്രാമപഞ്ചായത്തിലെ പതിനെഴാംവാർഡിലെ മുപ്പതുപറ പ്രദേശത്തെ ചെറുപ്പക്കാരുടെ കൂട്ടായ്മയായ ലയൺസ് മുപ്പതുപറയാണ് (എൽ.30) സ്വതന്ത്രസ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. എൽ.30ന്റെ ക്യാപ്ടനായ ശ്രീജിത് ഉണ്ണിക്കൃഷ്ണനാണ് സ്ഥാനാർത്ഥി. പ്രളയകാലത്ത് ജനപ്രതിനിധികളും രാഷ്ടീയ പാർട്ടികളും മുപ്പതുപറയിലേക്ക് തിരിഞ്ഞുനോക്കാതിരുന്നപ്പോൾ എൽ.30 പ്രവർത്തകരാണ് നാടിന് താങ്ങായി നിന്നത്. പ്രദേശത്തെ അമ്പതിലേറെ കുടുംബങ്ങൾക്ക് വേണ്ട അവശ്യസാധനങ്ങളും ആതുരസേവനവും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളും യഥാസമയം നൽകി. കണക്കൻകടവ് കോഴിത്തുരുത്തിലെ നൂറിലധികം കുടുംബങ്ങൾക്കും സഹായമെത്തിക്കുകയും ചെയ്തു. രാഷ്ട്രീയത്തിനതീതമായി നാടിനുവേണ്ടി പ്രവർത്തിക്കാനുള്ള അവസരമായാണ് ശ്രീജിത്തിന്റെ സ്ഥാനാർത്ഥിത്വത്തെ എൽ.30ലെ ചെറുപ്പക്കാരും അവരെ ഏകമനസോടെ പിന്തുണക്കുന്ന നാട്ടുകാരും കാണുന്നത്.