ആലുവ: കാനകളിൽ മാലിന്യം നിറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ദിവസത്തെ മഴയിൽ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്ത് മാർക്കറ്റ് റോഡിലേയും അൻവർ ആശുപത്രി റോഡിലേയും വ്യാപാരികളാണ് ദുരിതത്തിലായത്.
കടകളിലേക്ക് മലിനജലം കയറിയതിനെ തുടർന്ന് നിരവധി സാധനങ്ങൾ നശിച്ചു. ലോക് ഡൗൺ അടക്കമുള്ള പ്രശ്‌നങ്ങൾ മൂലം വ്യാപാരികൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലാണ് ഇരട്ടി പ്രഹരമായി വെള്ളം കയറി സാധനങ്ങൾ നശിച്ചത്.പല സ്ഥലങ്ങളിലും മഴ മാറി മണിക്കൂറുകൾ കഴിഞ്ഞാലേ വെള്ളം പൂർണമായി വലിയുകയുള്ളൂ. അപ്പോഴേക്കും വെള്ളക്കെട്ടുണ്ടായ ഭാഗങ്ങളിലെല്ലാം മാലിന്യം നിറഞ്ഞിട്ടുണ്ടാകും
വെള്ളക്കെട്ടിന് കാരണം കാനകളിലെ മാലിന്യം
ചാറ്റൽ മഴയിൽ പോലും ഇവിടെ വെള്ളം കെട്ടുന്ന സാഹചര്യമാണ്. വർഷങ്ങളായി ഇതാണ് അവസ്ഥ. റോഡിൽ നിന്ന് വെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലാത്തതാണ് പ്രശ്‌നമാകുന്നത്. ബാങ്ക് കവല മാർക്കറ്റ് റോഡിലും ബൈപാസ് കവലയിൽ മെട്രോ സ്‌റ്റേഷൻ പരിസരത്തുമാണ് പ്രധാനമായും വെള്ളക്കെട്ട് അനുഭവപ്പെടുന്നത്. മാർക്കറ്റ് റോഡിൽ സിറ്റി ടവർ, സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമാകാറുള്ളത്.
ആശുപത്രിക്ക് പുറമെ മസ്ജിദ് അൽ അൻസാർ, ബോയ്‌സ് സ്‌കൂൾ, കെ.എസ്.ഇ.ബി, ഡോ.ടോണീസ് കണ്ണാശുപത്രി, നിരവധി വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ തുടങ്ങിയവ ഈ ഭാഗത്തുണ്ട്. കാനകൾ മാലിന്യം നിറഞ്ഞ് കിടക്കുന്നതാണ് വെള്ളക്കെട്ടിനിടയാക്കുന്നത്.