മൂവാറ്റുപുഴ: ആരാണ് ജില്ലയിലെ പ്രായം കുറഞ്ഞ സ്ഥാനാർത്ഥി ? നാമനിർദേശ പ്രതികസമർപ്പണം പുരോഗമിക്കവേ അങ്ങുമിങ്ങും ഉയർന്ന ചോദ്യങ്ങളിൽ ഒന്നാണിത്. ഒടുവിൽ ആ ചോദ്യത്തിന് ഉത്തരമായി. മൂവാറ്റുപുഴക്കാരി മീനാക്ഷി തമ്പി. മൂവാറ്റുപുഴ നഗരസഭ ഇരുപതാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ്. 21 വയസ് പൂർത്തിയായി ഒരുമാസം പിന്നിടുമ്പോഴാണ് സി.പി.എം വലിയൊരു ഉത്തരവാദിത്വം മീനാക്ഷിയെ ഏൽപ്പിച്ചിരിക്കുന്നത്.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ നിന്ന് ബി.എസ്‌സി ബിരുദം പൂർത്തിയാക്കി എൽ.എൽ.ബിക്ക് ചേരാനിരിക്കെയാണ് പുതിയദൗത്യം മീനാക്ഷിയെത്തേടി എത്തിയത്. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിഅംഗം, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗം എന്നീ ചുമതലകൾ വഹിക്കുന്ന ഈ പ്രായംകുറഞ്ഞ സ്ഥാനാർത്ഥി ഒരു കലാകാരികൂടിയാണ്. മൂന്നുവർഷം തുടർച്ചയായി എം.ജി. യൂണിവേഴ്സിറ്റി കലോത്സവത്തിൽ കുച്ചിപ്പുടി, ഭരതനാട്യം എന്നിവയിൽ എ ഗ്രേഡ് സ്വന്തമാക്കിയിട്ടുണ്ട്. മികച്ച പ്രാസംഗിക കൂടിയാണ്. കഴിഞ്ഞതവണ പിതാവ് തമ്പി ഇതേ വാർഡിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഈ സീറ്റ് പിടിക്കാൻ മറ്റാരെക്കാളും മികച്ച സ്ഥാനാർത്ഥി മീനാക്ഷിയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി മത്സരിക്കാൻ ടിക്കറ്റ് നൽകിയത്.
പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. വാർഡിലെ ജനങ്ങളുടെ ആവശ്യങ്ങൾക്കും ഒപ്പമുണ്ടാകും. വാർഡിന്റെയും നഗരസഭയുടെയും വികസനത്തിനുതകുന്ന പുത്തൻ ആശയങ്ങൾ നടപ്പിലാക്കാൻ പരിശ്രമിക്കുമെന്നാണ് മീനാക്ഷി തമ്പിയുടെ വാഗ്ദാനം.