മൂവാറ്റുപുഴ: അർഹതപ്പെട്ടവർക്ക് സീറ്റ് നൽകാതായതോടെ കല്ലൂർക്കാട് പഞ്ചായത്തിൽ പലരും പാർട്ടി മാറുന്നു. സീറ്റ് ലഭിക്കാത്ത കോൺഗ്രസ് അംഗം എൽ.ഡി.എഫ് സ്ഥാനാർത്ഥിയായതിനു പിന്നാലെ നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം രണ്ട് കോൺഗ്രസുകാർ കേരള കോൺഗ്രസിൽ ചേർന്നു മത്സര രംഗത്തെത്തി. കേരള കോൺഗ്രസിന് നിർണായക സ്വാധീനമുള്ള കല്ലൂർക്കാട് പഞ്ചായത്തിൽ സീറ്റ് വിഭജനവും, സ്ഥാനാർത്ഥി നിർണയവും പൂർത്തിയാക്കിയതിനു പിന്നാലെയാണ് പാർട്ടി മാറൽ നടന്നത് . കഴിഞ്ഞവർഷം കേരള കോൺഗ്രസിൽ നിന്നും കോൺഗ്രസിൽ ചേർന്ന ടോമി ജോൺ കരിന്തോളിലാണ് കോൺഗ്രസിൽ നിന്നും രാജിവച്ച് പഞ്ചായത്തിലെ രണ്ടാം വാർഡിൽ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങിയത്. ഇതിനിടെയാണ് നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കോൺഗ്രസിലെ സുജിത് ബേബി അഞ്ചാം വാർഡിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങുന്നത്. കേരള കോൺഗ്രസിന്റെ കൈയ്യിലുുള്ളഏഴാം വാർഡിൽ പാർട്ടിക്കാരായ മൂന്നു സ്ഥാനാർത്ഥികൾ മത്സരിക്കാനെത്തി തർക്കമായതോടെ ഇവരെ ഒഴിവാക്കി കോൺഗ്രസ് നേതാവിനെ കേരള കോൺഗ്രസ് ലേബലിൽ മത്സരിപ്പിക്കുകയാണ്.