കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റ് അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ വിജിലൻസ് ചോദ്യംചെയ്തു. കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് തിരുവനന്തപുരത്തു നിന്നുള്ള പ്രത്യേക വിജിലൻസ് സംഘം ചോദ്യംചെയ്തത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ചോദ്യം ചെയ്യലിന് അനുമതി നൽകിയത്.
വാട്‌സ് ആപ്പ് ചാറ്റ്, ഫോൺ വിളികൾ എന്നിവ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങൾ. കൊച്ചിയിലെ ബാങ്ക് ജീവനക്കാരനിൽ നിന്നും വിജിലൻസ് വിവരങ്ങൾ ശേഖരിക്കും. യു.എ.ഇ കോൺസുലേറ്റിലെ സാമ്പത്തികവിഭാഗം മേധാവി ഖാലിദിനു കോഴയായി നൽകിയ ഡോളറുകളിൽ ഒരുഭാഗം വൈറ്റിലയിലെ ഒരു ബാങ്ക് ജീവനക്കാരൻ വഴിയാണ് സംഘടിപ്പിച്ചതെന്ന യുണിടാക് എം.ഡി. സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. ചോദ്യംചെയ്യലിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ വിജിലൻസ് തയ്യാറായില്ല.