കോലഞ്ചേരി: കണ്ടാൽ ഫ്രഷ്, പഴക്കം മാസങ്ങൾ! കൊവിഡിന് പുറമെ ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് തിരക്കിൽപ്പെട്ടതും മറയാക്കി മത്സ്യ, മാംസ വില്പന ശാലകളിൽ തരികിട കച്ചവടം പൊടിപൊടിക്കുകയാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വലിയ മീനുകൾ പഴയ ഫ്രിഡ്ജ് വാങ്ങി അതിനുള്ളിൽ ഐസിട്ട് ഫ്രീസ് ചെയ്താണ് വില്പന. മീനിന്റെ ഉള്ളിലുള്ള അവശിഷ്ടങ്ങൾ എടുത്തു മാറ്റി മുറിച്ചു സൂക്ഷിച്ചാൽ മാസങ്ങളോളം കേടു കൂടാതെ ഇരിക്കും. ഇതാണ് ഫ്രഷ് മീൻ എന്ന പേരിൽ വിറ്റഴിക്കുന്നത്. മാംസ വില്പനയ്ക്കും സമാന രീതിയാണ്. അങ്കമാലി, കൂത്താട്ടുകുളം ഭാഗങ്ങളിൽ നിന്ന് സ്റ്റാളുകളിൽ എത്തിക്കുന്ന മാംസം ഫ്രീസ് ചെയ്താണ് വില്പന. വാങ്ങുന്നവർക്ക് എളുപ്പമാണെന്ന് തോന്നിക്കാൻ കറിക്ക് പാകമായ കഷണങ്ങളാക്കി മുറിച്ചാണ് തട്ടിപ്പ്. മുറിച്ചതിനാൽ ഫ്രീസറിൽ വച്ചെന്നു പറയാനാണ് ഈ വിദ്യ.
9 സ്ഥാപനങ്ങൾക്കെതിരെ നടപടി
ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി ആരോഗ്യവകുപ്പ് നടപ്പിലാക്കിവരുന്ന 'ഹെൽത്തി കേരള' കാമ്പയിന്റെ ഭാഗമായി ആരോഗ്യവിഭാഗം തിരുവാണിയൂർ, വണ്ടിപ്പേട്ട, മാമല, ശാസ്താമുഗൾ, പുത്തൻകുരിശ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിൽ 9 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു.
രഹസ്യഅറയിൽ ചീഞ്ഞമീൻ
മാമലയിലെ മത്സ്യ വില്പനശാലകളിൽനിന്നും ഒരാഴ്ചയിലേറെ പഴക്കമുള്ള 22 കിലോ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു. മീൻതട്ടിനു പുറകിലായി രഹസ്യഅറയിൽ കഷണങ്ങളാക്കി, വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന അഴുകിയ മത്സ്യം ഉദ്യോഗസ്ഥർ പരിശോധനയിൽ കണ്ടെത്തി. കൂടിയ വിലയ്ക്ക് മുറിച്ചു വില്ക്കുന്ന തരം മത്സ്യം വാങ്ങുന്നവർക്ക് പുതിയ മത്സ്യത്തോടൊപ്പം ഇത്തരം പഴകിയ മീൻകഷണങ്ങളും ചേർത്തു വില്ക്കുന്നതായി ജനങ്ങൾ പരാതിപ്പെട്ടിരുന്നു.