കോലഞ്ചേരി: ഓണത്തിനുശേഷം വാഴക്കുലയ്ക്കും പച്ചക്കറി ഇനങ്ങൾക്കും വിലയിലുണ്ടായ വലിയ ഇടിവ് കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്. പല ഇനങ്ങൾക്കും നേരേ പകുതിയാണ് വില ലഭിക്കുന്നത്. കിഴങ്ങുവർഗങ്ങൾ വാങ്ങാൻപോലും ആളില്ല.
വിപണിയിൽ കുറവുള്ള പാവയ്ക്കയ്ക്കും പയറിനും മാത്രമാണ് വില താഴാതെ നിൽക്കുന്നത്. മതിയായ വില ലഭിക്കാത്തതിനാൽ പറമ്പ് പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ പല കർഷകരും കടക്കെണിയിലാണ്.
ഇത്രയധികം വിലയിടിവ് മുമ്പ് ഉണ്ടായിട്ടില്ലെന്ന് കർഷകർ പറയുന്നു. മലയോരമേഖലകളിൽ വില ഇതിലും താഴെയാണ്. കഷ്ടപ്പാടിന്റെ കൂലിപോലും ലഭിക്കുന്നില്ലെന്നതാണ് കർഷകരെ വിഷമിപ്പിക്കുന്നത്. ബാങ്കുകളിൽ നിന്ന് കാർഷിക ലോണെടുത്താണ് പലരും കൃഷിയിറക്കിയത്. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകാരും പിന്നാലെയാണ്.ശബരിമല നട തുറന്നെങ്കിലും മറ്റ് അമ്പലങ്ങളിൽ കാര്യമായി ആളെത്തുന്നില്ല. സ്ഥിരമായി നടന്നു വന്ന അന്നദാനങ്ങൾ നിലച്ചതും പ്രാദേശിക പച്ചക്കറി വിലയെ ബാധിച്ചു. കർഷകരിൽ നിന്ന് നേരിട്ടായിരുന്നു അമ്പലങ്ങളിൽ പച്ചക്കറി എടുത്തിരുന്നത്. വിലക്കുറവ് കർഷക വിപണികളെ തളർത്തി. മറുനാട്ടുകാരായ തീർത്ഥാടകരുൾപ്പെടെ ശബരിമല ദർശനത്തിനെത്തിയിരുന്നതിനാൽ വാഴപ്പഴത്തിന് മുൻകാലങ്ങളിൽ ആവശ്യക്കാരേറെയുണ്ടായിരുന്നു. ഇത്തവണ തീർത്ഥാടകർ കുറഞ്ഞതിനാൽ കച്ചവടം വളരെ കുറവാണ്. നാലു കിലോ ഏത്തപ്പഴം 100 രൂപയ്ക്ക് നല്കിയിട്ട് പോലും വില്പന നടക്കുന്നില്ല.
പകുതി വില
60 രൂപയിൽ നിന്ന ഏത്തയ്ക്കായുടെ വില മുപ്പതായി. ചേന 40 ൽനിന്ന് 20 ആയി. ചെറുചേമ്പും, കിഴങ്ങും എടുക്കാൻ ആളില്ലാതെയായി. കപ്പ വിലയും കുത്തനെ ഇടിഞ്ഞു. വഴുതനയ്ക്കും പടവലത്തിനും ഇരുപതിൽ താഴെയാണ് വില. പാളയങ്കോടൻ കുലയ്ക്ക് 8, 9 രൂപ മാത്രമേ വിലയുള്ളൂ. ശബരിമല സീസണിൽ വില കുതിച്ചുകയറുന്ന കദളിക്കുലയ്ക്ക് നാൽപ്പതു രൂപയായി.
കപ്പ സൗജന്യമായി നൽകാൻ കർഷകൻ രംഗത്ത്
സ്വന്തം തോട്ടത്തിലെ കപ്പ സൗജന്യമായി നല്കാൻ കർഷകനായ എവിൻ രംഗത്ത് വന്നതും കർഷകർക്കേറ്റ തിരിച്ചടിയുടെ ബാക്കിപത്രമാണ്. ഒറ്റ ഡിമാന്റെയുള്ളൂ പറിച്ചെടുത്ത് കൊണ്ട് പോകണം. മൊബൈൽ നമ്പർ സഹിതം ഫെയ്സ് ബുക്കിൽ എവിനിട്ട പോസ്റ്റിന് നിരവധി പേരാണ് പിന്തുണയുമായെത്തിയത്.