കോലഞ്ചേരി: മൂന്ന് നേരം പോഷകാഹാരം. പിന്നെ ആരോഗ്യരംഗത്തെ പ്രമുഖരുടെ നേരിട്ടുള്ള പരിചരണം. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പ്രാരംഭ ഘട്ടം, സംസ്ഥാനത്ത് രോഗബാധിതർക്ക് നൽകിയിരുന്നത് പ്രത്യേക പരിഗണന ഇങ്ങനെയെല്ലാം ആയിരുന്നു. പോകെ പോകെ വ്യാപനം അതിരൂക്ഷമാകുകയും വീടുകളിലേക്ക് ചികിത്സ മാറ്റുകയും ചെയ്തു. ഇതോടെ പല രോഗികളും ചെറിയ പ്രയാസത്തിലായി. എന്നാൽ മഹാമാരിക്കാലത്തെ തിരഞ്ഞെടുപ്പ് എത്തിയതോടെ രോഗ ബാധിതതരായി വീടുകളിൽ കഴിയുന്നവരുടെ സമയം തെളിഞ്ഞു. ഇവരുടെ വീടുകളിലേക്ക് ഇപ്പോൾ സഹായപ്രവാഹമാണ്.
സർക്കാരും സംഘടനകളുമൊന്നുമല്ല അതിനുപിന്നിൽ. നമ്മുടെ സ്ഥാനാർത്ഥികളും അനുയായികളും തന്നെ ! ഭക്ഷണപ്പൊതികൾ ഉൾപ്പെടെ കൈനിറയെ സാധനങ്ങളുമായാണ് ഓരോരുത്തരും ഇവരുടെ വീടുകൾ കയറിയിറങ്ങുന്നത്.ഇതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ നേട്ടം കൊവിഡ് രോഗികൾക്കായി.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുമ്പു വരെ കൊവിഡ് ബാധിച്ചവരെ സഹായിക്കാനോ സന്ദർശിക്കാനോ കാര്യമായി ആരും ഉണ്ടായിരുന്നില്ല. ഗൃഹനാഥൻ കൊവിഡ് ബാധിച്ച് ആശുപത്രിയിലായതിനാൽ പട്ടിണിയിൽ ആയിപ്പോയ കുടുംബങ്ങളുണ്ട്. സഹായത്തിനായി വിളിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല എന്ന പരാതിയും പലർക്കുമുണ്ട്. ജനമൈത്രി പൊലീസുകാരും, ആരോഗ്യ പ്രവർത്തകരുമായിരുന്നു ആശ്വാസമെന്നാണ് അനുഭവസ്ഥർ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ, തിരഞ്ഞെടുപ്പ് അടുത്തതോടെസ്ഥിതി മാറി.
വിളിക്കാതെ തന്നെ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ വീടുകളിൽ എത്തുന്നു.കൊവിഡ് മുന്നറിയിപ്പ് നൽകിയിട്ടും വകവെക്കാതെ ക്ഷേമാന്വേഷണം നടത്തുകയും ഭക്ഷണസാധനങ്ങൾ കൈമാറുകയും ചെയ്യുന്നുണ്ട്. രോഗബാധിതരുടെ ബന്ധുക്കൾ സാക്ഷിപ്പെടുത്തുന്നു. അതേസമയം ആശുപത്രികളിൽ കഴിയുന്നവരെ ഫോണിൽ ബന്ധപ്പെട്ട് കുടുംബത്തെ ഓർത്ത് വിഷമിക്കേണ്ടതില്ലെന്നും സ്ഥാനാർത്ഥികൾ പറയുന്നുണ്ട്. കൊവിഡ് ബാധിച്ച് കിടപ്പിലായാലും തിരഞ്ഞെടുപ്പ് കഴിയുന്നതുവരെയെങ്കിലും പട്ടിണിയിലാവില്ലെന്ന് കുടുംബങ്ങൾക്ക് ഉറപ്പായിട്ടുണ്ട്. സഹായങ്ങൾ കൈമാറുന്നതോടെ വോട്ടുകൾ ഉറപ്പാക്കി എന്ന ആത്മസംതൃപ്തി സ്ഥാനാർത്ഥികൾക്കും അനുയായികൾക്കുമുണ്ട്.