കിഴക്കമ്പലം: വാഹനത്തിരക്ക് ഏറെയുള്ള പള്ളിക്കര മനയ്ക്കക്കടവ് പാലത്തിൽവിള്ളലേറുന്നു, പാലം അപകടാവസ്ഥയിലേയ്ക്ക്. പൊതുമരാമത്തു വകുപ്പിന്റെ അടിയന്തിര ഇടപെടലുണ്ടായില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും. വാർഷിക അറ്റകുറ്റപ്പണി നടത്താത്തതിനാലാണ് പാലത്തിലെ വിള്ളൽ ഏറി വരുന്നത്. കുന്നത്തുനാടിനെ കാക്കനാടുമായി ബന്ധിപ്പിക്കാൻ കടമ്പ്രയാറിന് കുറുകെ നിർമ്മിച്ചതാണ് പാലം. ജില്ലാ ആസ്ഥാനത്തേയ്ക്കെത്താനുള്ള എളുപ്പ വഴിയാണിത്. മലയോര മേഖലകളിൽ നിന്ന് മൂവാറ്റുപുഴ വഴി വരുന്ന യാത്രക്കാർ എറണാകുളത്തേയ്ക്കെത്താനുള്ള ദൂരം കുറഞ്ഞ വഴിയുമാണിത്.
അമിതഭാരം കയറ്റുന്ന ടോറസ് വാഹനങ്ങളുൾപ്പെടെ ആയിരക്കണക്കിനു വാഹനങ്ങൾ ദിവസേന സഞ്ചരിക്കുന്ന റൂട്ടാണിത്. മൂവാറ്റുപുഴ എറണാകുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളടക്കം ഇതു വഴിയാണ് പോകുന്നത്. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ വണ്ടർലായിലേയ്ക്ക് അന്യ സംസ്ഥാനങ്ങളിലെ ടൂറിസ്റ്റുകളുമായെത്തുന്ന വാഹനങ്ങൾക്ക് ദേശീയ പാതയിൽ നിന്നുമെത്തുന്നതിനുള്ള ഏറ്റവും എളുപ്പവഴിയുമാണിത്. പാലത്തിന്റെ ശോച്യാവസ്ഥ കണക്കിലെടുത്ത് പരിശോധന നടത്തണമെന്ന ആവശ്യം നാളുകളായി നിലനില്ക്കുന്നതാണ്. മനയ്ക്കകടവു മുതൽ നെല്ലാട് വരെ 32 കോടിയുടെ വികസനം വരുമ്പോഴും പാലത്തിന്റെ ബലക്ഷയം തീർക്കാൻ നടപടികളില്ല. ജില്ലാ ടൂറിസം കൗൺസിലിനു കീഴിലുള്ള കടമ്പ്രയാർ ടൂറിസം കേന്ദ്രവും പാലത്തിനു സമീപമാണ്. കോടികൾ മുടക്കി നവീകരിച്ച പദ്ധതിയാണിത്.
പാലത്തിന് 30 വർഷത്തെ കാലപ്പഴക്കം
പാലത്തിന്റെ മേൽഭാഗം ടാർ ഇളകി കുണ്ടും കുഴിയുമായിക്കഴിഞ്ഞു. കൈവരികൾ പലപ്പോഴായി വാഹനങ്ങളുടെ ഇടിയേറ്റ് തകർന്നിട്ടുണ്ട്. 30 വർഷത്തെ കാലപ്പഴക്കമുള്ള പാലത്തിൽ കുണ്ടും കുഴിയുമായി യാത്ര ദുരിതമാണ്. നിരവധി പരാതികൾ നല്കിയെങ്കിലും നടപടിയായിട്ടില്ല. അറ്റകുറ്റപ്പണി നടത്താത്തത് പാലത്തിന്റെ സമ്പൂർണ നാശത്തിനു വഴിവെയ്ക്കുമെന്ന ഭയപ്പാടിലാണ് നാട്ടുകാർ. പാലത്തിന് തകരാറു സംഭവിച്ചാൽ കിലോമീറ്ററുകൾ ചുറ്റി വളയാതെ ഇന്നാട്ടുകാർക്ക് എറണാകുളത്തേയ്ക്ക് എത്താൻ കഴിയില്ല.