election

കോലഞ്ചേരി: മാസ്‌കിട്ട്, ഗ്യാപ്പിട്ട്, സോപ്പിട്ട് വോട്ടിടണം. കൊവിഡ് വ്യാപന ഭീതി നിലനിൽക്കെ വന്നെത്തിയെ തദ്ദേശതിരഞ്ഞെടുപ്പ് സുഗുമമാക്കാൻ സർക്കാരിന്റെ നിർദേശളിൽ ഒന്നാണിത്. എന്നാൽ പ്രചരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ മുന്നണികളും സ്വതന്ത്രരും ഇതെല്ലാം മറന്നു. മാസ്കും ഗ്യാപ്പും ഔട്ടായി. എങ്ങും സോപ്പിട്ട് വോട്ട്പിടിത്തമാണ്.

വോട്ടുറപ്പിക്കാൻ

ഷെയ്ക്ക് ഹാൻഡ്

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പരസ്പരം ഹസ്തദാനം പോലും പാടില്ലെന്നാണ് ആരോഗ്യവകുപ്പ് നിർദേശം.എന്നാൽ വീടുവീടാന്തം കയറി ഇറങ്ങുന്ന സ്ഥാനാർത്ഥികളിൽ പലരും ഇത് മറന്നു. വോട്ട് ഉറപ്പിക്കാനുള്ള യാത്രയിൽ ഷെയ്ക്ക് ഹാൻഡ് നൽകി, സമ്മതിദാനം എനിക്ക് തന്നേക്കണേ എന്ന പഴയ രീതിയിലേക്ക് കാര്യങ്ങൾ മാറി. എന്നാൽ പൊതുജനങ്ങളുടെ നന്മയെ കരുതി ഇതെല്ലാം ഒഴിവാക്കി വോട്ട് ഉറപ്പാക്കുന്ന സ്ഥാനാർത്ഥികളും സജീവമാണ്.

മാസ്ക്കിട്ടാൽ എങ്ങി

പുഞ്ചിരികാണും !

എട്ട് മാസമായി മലയാളികളുടെ മുഖത്ത് മാക്സ് സ്ഥാനം പിടിച്ചിട്ട്. കൊവിഡിനെ ഒരു പരിധിവരെ തടയാൻ മാസ്ക് കൂടിയേ തീരു. ഇക്കാരണത്താലാണ് മാക്സ് നിർബന്ധമാക്കിയിരിക്കുന്നത് തന്നെ. എന്നാൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മാക്സ് മുഖത്ത് നിന്നും പതിയെ താടിയിലേക്ക് താഴ്ന്നു. സ്ഥാനാർത്ഥിയുടെ പുഞ്ചിരി ആളുകൾ കണ്ടില്ലെങ്കിൽ വോട്ട് പോയാലോ എന്ന ചിന്തയാകാം ഇതിന് പിന്നിൽ. മാക്സിക്കിട്ട് വരുന്ന സ്ഥാനാർത്ഥികളും അണികളും വോട്ടറെ കാണുമ്പോൾ മുഖാവരണം മാറ്റി സംസാരിക്കുന്നതും പതിവാണ്.

അഞ്ചല്ല, ഒരു കൂട്ടം

കഴിഞ്ഞ ദിവസം ജില്ലയുടെ കിഴക്കൻ മേഖലയിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗം. പങ്കെടുത്തത് 300ലധികം പേർ ! കൊവിഡ് വ്യാപനം നിലനിൽക്കെ നടന്ന ഈ പൊതുപരിപാടി പരാതിക്ക് തന്നെ ഇടയാക്കിയെങ്കിലും ഒരു പൊതുയോഗത്തിൽ എന്ത്ര പേർക്ക് പങ്കെടുക്കാമെന്ന ഉത്തരവ് ഇല്ലെന്നാണ് സംഘടന നൽകുന്ന വിശദീകരണം. അതേസമയം വോട്ട് തേടി വീടുകൾ കയറുന്നത് ഒരു സംഘം തന്നെയാണ്. അഞ്ച് പേർ മാത്രമേ വീടുകൾ കയറിയുള്ള പ്രചരണത്തിന് അനുമതിയുള്ളൂ എന്നിരിക്കെയാണിത്.

എല്ലാം ഓർമ്മിപ്പിക്കാൻ

മുറ്റത്ത് സാനിറ്റൈസർ

ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന രീതിയിലാണ് സ്ഥാനാർത്ഥികളുടെ വരവ്. പലരും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടുബോധിച്ച വീട്ടുകാർ മുറ്റത്ത് സാനിറ്റൈസർ സ്ഥാപിച്ചു കഴി‌ഞ്ഞു. ചില വീട്ടിന്റെ മുറ്റത്ത് ബക്കറ്റും സോപ്പുമാണ് സ്ഥാനം പിടിച്ചിട്ടുള്ളത്. ഇവിടെ കൊവിഡ് വ്യാപനമുണ്ടെന്നും സർക്കാർ നിദേശം കർശനമായി പാലിക്കണമെന്ന് സ്ഥാനാർത്ഥികളെയും മുന്നണികളേയും ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുകയാണിത്.