കൊച്ചി: മത്സരം മുറുകുമ്പോൾ അതിരുവിടേണ്ട. മാന്യതയും സഭ്യതയും പാലിച്ചേ തീരു. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാൽ കൈയോടെ പിടികൂടും. നടപടിയും ഉറപ്പ്. നിരീക്ഷകൾ പിന്നാലെയുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും നടത്തുന്ന പ്രചാരണ പരിപാടികൾ നിയമാനുസൃതമാണോയെന്ന് പരിശോധിക്കുന്നത് ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡാണ്. മോശപ്പെട്ട പോസ്റ്ററുകളോ ബോർഡുകളോ നീക്കം ചെയ്യാൻ നിർദ്ദേശിക്കും. നിർദ്ദേശം പാലിച്ചില്ലെങ്കിൽ സ്ക്വാഡ് തന്നെ അവ നീക്കം ചെയ്യും. ചെലവ് ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കി വിവരം നിരീക്ഷകരുടെ ശ്രദ്ധയിൽപ്പെടുത്തും. ആവശ്യമായ നടപടികൾ പിന്നാലെ സ്വീകരിക്കും. പ്രചരണപരിപാടികൾ ഹരിത പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കുന്നുണ്ടോയെന്നും സ്‌ക്വാഡ് പരിശോധിക്കും.
ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ്
താലൂക്ക് തലത്തിൽ തഹസിൽദാർമാരുടെ നേതൃത്വത്തിൽ സ്‌ക്വാഡുകൾ രംഗത്തിറങ്ങി. ഇതിന് പുറമെ വരണാധികാരികളും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയമാനുസൃതമാണോയെന്ന് പരിശോധിക്കും.
നോട്ടീസുകൾ, ബാനറുകൾ, ബോർഡുകൾ, പോസ്റ്ററുകൾ, ചുവരെഴുത്തുകൾ, മൈക്ക് അനൗൺസ്‌മെന്റ്, യോഗങ്ങൾ, സാമൂഹ്യ മാദ്ധ്യമങ്ങൾ മുഖേനയുള്ള പ്രചാരണ പരിപാടികൾ എന്നിവയെല്ലാം നിയമം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ് സ്‌ക്വാഡിന്റെ പ്രധാന ദൗത്യം. നിയമപരമല്ലാത്ത പ്രചാരണപരിപാടികൾ നിറുത്തിവയ്പ്പിക്കും.