hc

കൊച്ചി : കേരള സർവകലാശാലയിലെ ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയത്തിൽ നിശ്ചിത ശതമാനം മാർക്ക് കൂടുതൽ ലഭിച്ചാൽ രണ്ടു തവണ കൂടി മൂല്യനിർണയം നടത്തി ശരാശരി മാർക്ക് കണക്കാക്കണമെന്ന ഉത്തരവിനു മുൻകാല പ്രാബല്യം ഏർപ്പെടുത്തിയതു ഹൈക്കോടതി റദ്ദാക്കി. മേയ് 27 ന് സർവകലാശാല പുറപ്പെടുവിച്ച ഉത്തരവ് ഇനിയുള്ള മൂല്യനിർണയങ്ങൾക്ക് മാത്രമേ ബാധകമാവൂ എന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.

അപേക്ഷയിൽ ഒറ്റത്തവണ മൂല്യനിർണയം നടത്തിയാൽ മതിയെന്ന ഉത്തരവു നിലവിൽ വന്ന 2019 ജൂൺ 15 മുതൽ മുൻകാല പ്രാബല്യം നൽകാൻ സർവകലാശാല തീരുമാനിച്ചിരുന്നു. ഇക്കാലയളവിൽ പത്തു ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചവരുടെ മാർക്ക് ലിസ്റ്റ് പുനഃപരിശോധിക്കാൻ സർവകലാശാല നടപടി സ്വീകരിച്ചതിനെതിരെ എരുമേലി സ്വദേശി സഫൽ. പി. സലിം ഉൾപ്പെടെ ഒരുകൂട്ടം വിദ്യാർത്ഥികൾ നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്.

പുനർമൂല്യ നിർണയത്തിലൂടെ കൂടിയ മാർക്ക് ലഭിച്ചതനുസരിച്ച് പലരും ഉയർന്ന കോഴ്സുകൾക്കു ചേർന്നിട്ടുണ്ട്. ചിലർക്ക് ജോലിയും ലഭിച്ചു. ഇതിനു ശേഷം മാർക്ക് പുനഃപരിശോധിക്കാനുള്ള നീക്കം ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഹർജി നിലനിൽക്കെ തീരുമാനം പുനഃപരിശോധിച്ച സിൻഡിക്കേറ്റ് മുൻകാല പ്രാബല്യം നിർബന്ധമില്ലെന്നും, 20 ശതമാനത്തിൽ കൂടുതൽ മാർക്ക് പുനർമൂല്യ നിർണയത്തിൽ ലഭിച്ചവർക്കു മാത്രം കോടതിയുടെ അനുമതിയോടെ വീണ്ടും മൂല്യ നിർണയം നടത്താമെന്നും വ്യക്തമാക്കി. എന്നാൽ ഇതും സിംഗിൾബെഞ്ച് അംഗീകരിച്ചില്ല. മാർക്ക് ലിസ്റ്റ് ലഭിച്ച് ഒരു വർഷം കഴിഞ്ഞ് വീണ്ടും മൂല്യനിർണയത്തിനായി മാർക്ക് ലിസ്റ്റ് തിരിച്ചുവിളിക്കുന്ന നടപടി ഇവരെ ദോഷകരമായി ബാധിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതനുസരിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ ഹർജിക്കാർക്ക് മാർക്ക് ലിസ്റ്റ് ലഭ്യമാക്കാൻ നടപടിയെടുക്കണമെന്നും വിധിയിൽ പറയുന്നു.