ploice
കഞ്ചാവു കേസിൽ പ്രതികളായ ദേവസ്സി, മുഹമ്മദ് ഷാഫി

കിഴക്കമ്പലം: റബ്ബർ തോട്ടത്തിൽ കഞ്ചാവുപേക്ഷിച്ച കേസിലെ പ്രതികളെ മലപ്പുറത്ത് നിന്ന് കുന്നത്തുനാട് പൊലീസ് പിടികൂടി. കഴിഞ്ഞ 26 ന് പട്ടിമറ്റം കൈതക്കാട്ടുള്ള റബ്ബർ തോട്ടത്തിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം തിരൂർ ഇരിമ്പിളിയത്ത് ആലുംതോടി ദേവദാസ് (45), നിലമ്പൂർ എടക്കര കാണിയാട്ട് മുഹമ്മദ് ഷാഫി (36) എന്നിവരെയാണ് പിടികൂടിയത്. തോട്ടത്തിൽ ടാപ്പിംഗിനെത്തിയവരാണ് ചാക്കിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിൽ 13 കിലോ കഞ്ചാവ് കണ്ടെത്തിയത്. അതേ ദിവസം കിഴക്കമ്പലം റൂട്ടിൽ കണ്ടങ്ങത്താഴം ഇറക്കത്തിൽ റോഡരുകിൽ നിന്ന് രണ്ടര കിലോയും കണ്ടു കിട്ടിയിരുന്നു.

റോഡരുകിലെ സി.സി ടിവി ദൃശങ്ങൾ പരിശോധിച്ചെങ്കിലും സംശയാസ്പദമായ വാഹനങ്ങളെ കണ്ടെത്താനായില്ല. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശികളായ പ്രതികളിലേക്കെത്തുന്നത്. ഇതിനായി വിവിധ മൊബൽ സേവന ദാതാക്കളുടെ ലക്ഷക്കണക്കിന് മൊബൈൽ നമ്പറുകളാണ് പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കിയത്. അതിൽ നിന്നും സംശയമുള്ള നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നേരത്തെ കഞ്ചാവു കേസിൽ പിടിയിലായിട്ടുള്ള പ്രതികൾ എറണാകുളം ജില്ലയിലെത്തിയതായി വിവരം ലഭിച്ചു. ഇവരെ പറ്റി നടത്തിയ അന്വേഷണത്തിൽ മലപ്പുറത്ത് പ്രതികളുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിൽ വേഷപ്രച്ഛന്നരായ പൊലീസ് സംഘം ഒരാഴ്ചയിലധികം ഇവർ താമസിക്കുന്ന വീടുകൾക്ക് സമീപമെത്തി നീക്കങ്ങൾ മനസിലാക്കിയ ശേഷം സമർത്ഥമായി കീഴടക്കുകയായിരുന്നു. മക്കളേയും ഭാര്യയേയും മുന്നിൽ നിർത്തി നാടകം കളിച്ച് രക്ഷപ്പെടാൻ നടത്തിയ ശ്രമവും പൊലീസ് വിഫലമാക്കി. എറണാകുളത്ത് വിനോദ സഞ്ചാരത്തിനെത്തിയതാണെന്ന വാദമായിരുന്നു പ്രതികളുയർത്തിയത്. പിടിയിലായ ശേഷം

വീട്ടിൽ നടത്തിയ പരിശോധനയിൽ വില്പനയ്ക്ക് സൂക്ഷിച്ച മൂന്ന് കിലോ കഞ്ചാവ് കൂടി കണ്ടെടുത്തു. മലപ്പുറത്ത് നിന്ന് പ്രധാന വഴികൾ ഒഴിവാക്കി ഉൾ പ്രദേശങ്ങൾ വഴി എറണാകുളത്ത് കൈമാറാൻ പോകുന്നതിനിടെ പുലർച്ചെ പൊലീസ് നടത്തി വന്ന പരിശോധനയിൽ പെട്ടു പോകുമെന്നായപ്പോൾ തോട്ടത്തിൽ കഞ്ചാവ് ഉപേക്ഷിച്ച് കടന്നതാണെന്ന് പ്രതികൾ മൊഴി നല്കി. റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നിർദ്ദേശാനുസരണം പെരുമ്പാവൂർ ഡിവൈ.എസ്.പി കെ.ബിജുമോൻ കുന്നത്തുനാട് പൊലീസ് ഇൻസ്‌പെക്ടർ വി.​റ്റി.ഷാജൻ സബ് ഇൻസ്‌പെക്ടർ ഒ.വി.സാജൻ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.എ.അബ്ദുൾ മനാഫ്. കെ.എ.നൗഷാദ്, ആർ. അജിത്ത്,പി.എസ. അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.