കൊച്ചി: പത്രികാസമർപ്പണം പൂർത്തിയായെങ്കിലും സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ പരിഭവക്കാരേറുന്നു. കെ.പി.സി.സിയുടെ മാർഗനിർദേങ്ങൾ പാലിക്കാതെയാണ് പലയിടത്തും ഗ്രൂപ്പുകളുടെ പേരിൽ സ്ഥാനാർത്ഥികള നിർണയിച്ചതെന്നും ഡി.സി.സി കണ്ണുമടച്ച് അംഗീകാരം നൽകിയെന്നുമാണ് ആക്ഷേപം.
കളമശേരി നഗരസഭയിലെ സ്ഥാനാർത്ഥി നിർണയത്തിലാണ്കൂടുതൽ പരാതികൾ.
ഡി.സി.സി ജനറൽ സെക്രട്ടറിയും ഐ.എൻ.ടി.യു.സി നേതാവുമായ ഷെരീഫ് മരയ്‌ക്കാറാണ് പരസ്യപ്രതികരണവുമായി രംഗത്തെത്തിയത്. ചർച്ചകൾ നടത്താതെ ഗ്രൂപ്പുകളുടെ പേരിൽ ചില നേതാക്കൾ സീറ്റുകൾ പങ്കിട്ടെന്നാണ് പരാതി. കളമശേരിയിൽ നിന്നുള്ള ഏക ഡി.സി.സി പ്രതിനിധിയായ തന്നെ സീറ്റു വിഭജന ചർച്ചകളിൽ പങ്കെടുപ്പിക്കുകയോ അഭിപ്രായം ചോദിക്കുകയോ ചെയ്തില്ല. കെ.പി.സി.സിയുടെ മാനദണ്ഡങ്ങൾ പാലിക്കാതെ ചിലനേതാക്കൾ ഇഷ്ടക്കാരുടെ പട്ടികയാണ് ഡി.സി.സിക്ക് സമർപ്പിച്ചത്. പരിശോധന നടത്താതെ കണ്ണുമടച്ച് ഡി.സി.സി അംഗീകരിക്കുകയും ചെയ്തു. പരാതി പരിഹരിക്കാതെ സ്ഥാനാർത്ഥികളെ നിശ്ചയിച്ചതിൽ പ്രവർത്തകർക്ക് അമർഷമുണ്ട്. ഇത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫിന്റെ വിജയസാദ്ധ്യതയെ ബാധിക്കും. ഗ്രൂപ്പിനുള്ളിൽ ഗ്രൂപ്പുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും എ ഗ്രൂപ്പുകാരനായ ഷെരീഫ് ആരോപിച്ചു.