ആലുവ: സംസ്ഥാനത്തെ പ്രായം കുറഞ്ഞ സ്ഥാനാർത്ഥികളെ നിങ്ങൾ തിരയുന്നുണ്ടെങ്കിൽ ആ മത്സരത്തിൽ പങ്കെടുക്കാൻ കീഴ്മാട് നിന്ന് ആര്യ അരുണുമുണ്ട്. പ്രായം 21. 1999 ആഗസ്റ്റ് ഒന്നിനാണ് രേഖകൾ പ്രകാരം ജനന തീയതി.
പ്രായത്തിൽ ആര്യ അരുൺ 'ബേബി'യാണെങ്കിലും യോഗ്യതയിൽ മുന്നിലാണ്. ആര്യ യു.സി കോളേജിൽ നിന്ന് ബി.എസ്.സി സുവോളജി പരീക്ഷയിൽ പത്താം റാങ്ക് നേടിയാണ് വിജയിച്ചത്. ഇപ്പോൾ മഹാരാജാസിൽ എം.എസ്.സി സുവോളജി വിദ്യാർത്ഥിനി. യു.സി കോളേജിൽ പഠിക്കുമ്പോൾ എ.ബി.വി.പിയിലൂടെ ലഭിച്ച അനുഭവ സമ്പത്തുമായാണ് ആര്യ കന്നിമത്സരത്തിനിറങ്ങുന്നത്.
കീഴ്മാട് മൂക്കുംകുറിഞ്ഞി ക്ഷേത്രത്തിന് സമീപം മഞ്ഞിനാക്കര വീട്ടിൽ അരുണിന്റെയും അംബികയുടെയും മകളാണ് ആര്യ. അരുൺ രാജഗിരി ആശുപത്രി ജീവനക്കാരനും അംബിക നാലാംമൈൽ ജ്യോതിനിവാസ് സ്‌കൂൾ ജീവനക്കാരിയുമാണ്.
അരുണിന്റെ മനസിൽ ബി.ജെ.പി ആഭിമുഖ്യമുണ്ടെങ്കിലും പ്രവർത്തനങ്ങളിലൊന്നും ഇതുവരെ പങ്കാളിയായിരുന്നില്ല. ആര്യയുടെ എ.ബി.വി.പി ബന്ധമാണ് പ്രാദേശിക ബി.ജെ.പി പ്രവർത്തകർ സ്ഥാനാർത്ഥിത്വത്തിലേക്ക് പരിഗണിച്ചത്. കീഴ്മാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലാണ് ആര്യ അരുൺ അങ്കം കുറിക്കുന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി സ്‌നേഹ മോഹനനും യു.ഡി.എഫ് സ്ഥാനാർത്ഥി സുലോചന മുരളിയുമാണ് ആര്യയുടെ എതിരാളികൾ. 'യുവത്വം നമ്മെ നയിക്കട്ടെ' എന്ന മുദ്രാവാക്യമുയർത്തിയാണ് എൻ.ഡി.എയുടെ പ്രചരണം.
മുതിർന്ന ആളുകളെയെല്ലാം ഫോൺ മുഖേന ബന്ധപ്പെട്ട് ഇതിനകം സഹായം തേടിയിട്ടുണ്ട്. ഇന്ന് മുതൽ ഔദ്യോഗിക പ്രചരണം ആരംഭിക്കും
ആര്യ അരുൺ